26.2 C
Iritty, IN
May 2, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം
Kottiyoor

കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം

കൊട്ടിയൂർ : ചോതി നാളിൽ മണിത്തറയിൽ ചോതി വിളക്ക് തെളിയുന്നതോടെ സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം. ഇതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും.

നെയ്യാട്ടത്തിനുള്ള നെയ്യമൃതുമായി വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇന്നലെ വൈകിട്ട് മണത്തണയിലെത്തിയ നെയ്യമൃത് ജന്മസ്ഥാനികരായ വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും കലശ പാത്രങ്ങളും, വിവിധ മഠങ്ങളിൽ നിന്നെത്തിയ വ്രതക്കാരുടെ നെയ്ക്കിണ്ടികളും ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിച്ചു. ഇന്നു രാവിലെ മണത്തണയിൽ നിന്ന് പുറപ്പെടുന്ന വ്രതക്കാർ ഉച്ചയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും.

വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽ നിന്നുള വാൾ എഴുന്നളളത്ത് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തും. എടയാർ മൂഴിയോട്ടില്ലത്തെ സുരേഷ് നമ്പൂതിരിയാണ് വാൾ എഴുന്നളിക്കുന്നത്. മുതിരേരിയിൽ നിന്നും 20 കിലോമീറ്ററോളം ദൂരം ഒറ്റയ്ക്ക് കാൽനടയായാണ് വാൾ എഴുന്നളിക്കുന്നത്. വാൾ ഇക്കരെ ശ്രീകോവിലിൽ പ്രവേശിച്ചാൽ നെയ്യാട്ടത്തിനുള ഒരുക്കങ്ങൾ ആരംഭിക്കും. കുറ്റ്യാടിയിലെ ചാതിയൂർ മഠത്തിൽ നിന്ന് തേടന്നൂർ വാര്യരാണ് തീകൊണ്ടുവരുന്നത്.

വാൾ വന്നാൽ അടിയന്തരയോഗ സമേതം പടിഞ്ഞിറ്റി നമ്പൂതിരി അക്കരെ കടന്ന് ചാതിയൂരിൽ നിന്ന് എത്തിയ തീ ഉപയോഗിച്ച് മണിത്തറയിൽ മൺതാലങ്ങളിൽ ചോതി വിളക്ക് തെളിയിക്കും. ചോതി വിളക്ക് വെച്ച് തിരിച്ചെത്തിയാൽ വീണ്ടും അടിയന്തര യോഗത്തോടുകൂടി നെയ്യഭിഷേകം നടത്താൻ ചുമതലയുള്ല എല്ലാവരും അക്കരെ എത്തുന്നു. പടിഞ്ഞിറ്റ, ഉഷക്കാമ്പ്രം, പാലോന്നം എന്നീ സ്ഥാനികർക്ക്, ഊരാളന്മാരുടെ സാന്നിദ്ധ്യത്തിൽ ഭണ്ഡാര അറയിൽവച്ച് സമുദായി ഭട്ടതിരിപ്പാട് ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ചില നിർദ്ദേശങ്ങൾ നൽകുന്നു.

തുടർന്ന് നെയ്യഭിഷേകത്തിനു ഒരുക്കങ്ങൾ ആരംഭിക്കും. മുഖമണ്ഡപത്തിൽ പടിഞ്ഞിറ്റയുടെ മുഖ്യ കാർമ്മികത്വത്തിൽ ബ്രാഹ്മണ സ്ഥാനികർ ചോതിപുണ്യാഹം നടത്തും. പിന്നീട് സ്ഥാനികർ സ്വയംഭൂ വിഗ്രഹത്തെ ആവരണം ചെയ്തിട്ടുള്ള അഷ്ടബന്ധം നീക്കി നാളം തുറക്കും. പാലോന്നം നമ്പൂതിരി നെയ്യാട്ടത്തിനുള്ള രാശി വിളിച്ചറിയിക്കുന്നതോടെ ആചാരപ്രകാരം നെയ്യാട്ടം തുടങ്ങും. ആദ്യം വില്ലിപ്പാലൻ കുറുപ്പിന്റെയും തുടർന്ന് തമ്മേങ്ങാടൻ നമ്പ്യാരുടെയും കലശപ്പാത്രങ്ങൾ തുറന്ന് അഭിഷേകം നടത്തും. തുടർന്ന് ക്രമം അനുസരിച്ച് വിവിധ മഠങ്ങളിൽ നിന്നുള്ള വ്രതക്കാർ സമർപ്പിച്ച നെയ്യ് അഭിഷേകം ചെയ്യും.

നാളെ വിശാഖം നാളിൽ ഭണ്ഡാരം എഴുന്നളത്ത്. ക്ഷേത്രഗോപുര സ്ഥാനമായ മണത്തണയിൽ നിന്ന് ഉത്സവാവശ്യത്തിനുള സ്വർണം, വെളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. മണത്തണയിൽ നിന്ന് പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ പ്രവേശിക്കുന്നതുമുതൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ ദർശനം നടത്താം. അപ്പോൾ മുതൽ നിത്യപൂജകളും ആരംഭിക്കും.

Related posts

തലക്കാണി ഗവ.യുപി . സ്കൂൾ നടപ്പാക്കുന്ന സെക്കൻഡ് ബെൽ പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

കർഷക കൂട്ടക്കൊല ; എ കെ സി സി കൊട്ടിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി

Aswathi Kottiyoor

ചു​ഴ​ലി​ക്കാ​റ്റ്: ന​ഷ്ട​മു​ണ്ടാ​യ ക​ർ​ഷ​ക​ർ അ​പേ​ക്ഷ ന​ൽ​ക​ണം

Aswathi Kottiyoor
WordPress Image Lightbox