കോളയാട്: യൂറിയ, പൊട്ടാഷ് എന്നിവയ്ക്കുള്ള ക്ഷാമം മലയോര മേഖലയിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്നു.ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തുകൾ അനുവദിക്കുന്ന സഹായധനം ലഭിക്കണമെങ്കിൽ തെങ്ങുകൾക്ക് പൊട്ടാഷ് വളപ്രയോഗം നടത്തിയിരിക്കണം. രാസവളങ്ങൾക്ക് അമിതമായി വില വർധിച്ചത് കാരണം എൻപികെ കോംപ്ലക്സ് വളങ്ങൾ കർഷകർ ഉപയോഗിക്കുന്നില്ല. അതിന് പകരം യൂറിയ, പൊട്ടാഷ്, ഫോസ്ഫേറ്റ് വളങ്ങൾ വെവ്വേറെ വാങ്ങി മിശ്രിതമാക്കിയാണ് വളപ്രയോഗം നടത്തുന്നത്. റബർ, വാഴ, തെങ്ങുകൾ എന്നിവയ്ക്ക് ഇത്തരത്തിലാണ് വളപ്രയോഗം നടത്തുന്നത്. അസംസ്കൃത പദാർഥങ്ങളുടെ ലഭ്യതക്കുറവാണ് രാസവള ക്ഷാമത്തിന് കാരണമെന്നാണ് വളം വ്യാപാരികൾ പറയുന്നത്.