കണ്ണൂർ: കേന്ദ്രസർക്കാരിന്റെ ജിഡിപി വർധനയെന്നാൽ ഇന്ധന വിലക്കയറ്റമാണെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം.പെട്രോൾ-ഡീസൽ-പാചകവാതക വിലവർധനവിലൂടെ നരേന്ദ്ര മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ കോൺഗ്രസ് ആസ്ഥാന മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു
രാഹുൽ. ഇന്ധന വിലവർധന ജനങ്ങളെ കൂടുതൽ കഷ്ടതയിലേക്ക് തള്ളിവിടുകയാണ്. രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും ചെറുകിട വ്യവസായങ്ങളെയും സംരക്ഷിക്കേണ്ടതിനു പകരം ദ്രോഹിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഏഴു വർഷത്തിനുള്ളിൽ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിലൂടെ മോദി സർക്കാർ 23 ലക്ഷം കോടി രൂപ ജനങ്ങളുടെ കൈയിൽനിന്നും കൊള്ളയടിച്ചു.
അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് ഇന്ധനവില നിർണയിക്കുന്നതെന്നാണ് വാദം. ഇതു വെറും തട്ടിപ്പാണ്. രാജ്യം സാന്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ കെട്ടിടം ഉണ്ടാക്കാൻ യത്നിച്ച എല്ലാവർക്കും രാഹുൽ അഭിനന്ദനം അറിയിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
രാഹുൽഗാന്ധിക്ക് വേണ്ടി എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നാടമുറിച്ച് ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
തുടർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നിലവിളക്ക് കൊളുത്തി. യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഓഫീസിനു മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാഛാദനം ചെയ്തു.
മുൻ ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സ്മരണയ്ക്കായി നിർമിച്ച ഹാൾ കൊടിക്കുന്നിൽ സുരേഷ് എംപിയും സാമുവൽ ആറോൺ സ്മാരക ലൈബ്രറി പി.ടി തോമസ് എംഎൽഎയും കെ. കരുണാകരൻ സ്മാരക ഹാൾ കെ. സുധാകരൻ എംപിയും എൻ. രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉദ്ഘാടനം ചെയ്തു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, കണ്ണൂർ മേയർ ടി.ഒ. മോഹനൻ, എംഎൽഎമാരായ സണ്ണി ജോസഫ് , സജീവ് ജോസഫ്, എഐസിസി സെക്രട്ടറി പി.വി. മോഹനൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ്, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, സജീവ് മാറോളി, വി.എ. നാരായണൻ, സോണി സെബാസ്റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി, ഡോ. കെ.വി. ഫിലോമിന, എ.ഡി. മുസ്തഫ, അമൃത രാമകൃഷ്ണൻ, റിജിൽ മാക്കുറ്റി, രജനി രമാനന്ദ്, കെ.പി. കുഞ്ഞിക്കണ്ണൻ, സുധീപ് ജയിംസ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, ഘടകകക്ഷി നേതാക്കളായ അബ്ദുൾ ഖാദർ മൗലവി, പി. കുഞ്ഞിമുഹമ്മദ്, അബ്ദുൾ കരീം ചേലേരി, ഇല്ലിക്കൽ ആഗസ്തി, സി.എ. അജീർ, സി. സുനിൽ കുമാർ, അന്തരിച്ച ഡിസിസി പ്രസിഡന്റ് എൻ. രാമകൃഷ്ണന്റെ കുടുംബാംഗങ്ങൾ, രക്തസാക്ഷി ശുഹൈബിന്റെ കുടുംബാംഗങ്ങൾ എന്നിവരും ഉദ്ഘാടന ചടങ്ങിൽ എത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആദരിച്ചു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ നേതാക്കളെയും പ്രവർത്തകരെയും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും നിയുക്ത ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും സ്വീകരിച്ചു. മധുരം വിളന്പിയും ബാൻഡ് മേളം മുഴക്കിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തനം ഉദ്ഘാടനം കെങ്കേമമാക്കി.