കണ്ണൂർ: സംസ്ഥാന ജലപാത പദ്ധതി നാട്ടില്‍ നല്ല മാറ്റം കുറിക്കുന്നതായിരിക്കുമെന്നും ജില്ലയില്‍ പദ്ധതി പ്രവര്‍ത്തനം വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലയിലെ പ്രധാന വികസന പദ്ധതികളുടെ അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവളം മുതല്‍ ബേക്കല്‍ വരെ ബോട്ടില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ജലപാതാ പദ്ധതി ടൂറിസം മേഖലയുടെ വികസനത്തിനും വലിയ മുതൽക്കൂട്ടാകും. ജില്ലയില്‍ ജലപാതയുടെ ഭാഗമായി നിര്‍മിക്കുന്ന കൃത്രിമ കനാലുകള്‍ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണം. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. സ്ഥലവും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം, പുനരധിവാസ പദ്ധതി എന്നിവയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിലൂടെ അവരുടെ എതിര്‍പ്പ് കുറച്ചുകൊണ്ടുവരാന്‍ സാധിക്കണം.
പുനരധിവാസത്തിനുള്ള ഭൂമി ആദ്യം തന്നെ കണ്ടെത്തി ഏറ്റെടുക്കണം. ഇതിലെ തടസങ്ങള്‍ നീക്കാന്‍ എംഎല്‍എമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തണം. എരഞ്ഞോളി, മാഹി പുഴകളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ കനാലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിന് എംഎല്‍എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ജില്ലയില്‍ ജലജീവന്‍ മിഷന് പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കാത്ത ഏതാനും പഞ്ചായത്തുകള്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണം. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായ റോഡുകളുടെ വികസന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റ് കീഴിലുള്ള റോഡുകള്‍, കെഎസ്ടിപി റോഡുകള്‍, ടൂറിസം, സുഭിക്ഷ കേരളം, ടേക്ക് എ ബ്രേക്ക് തുടങ്ങിയ പദ്ധതികള്‍ യോഗത്തില്‍ അവലോകനം ചെയ്തു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റ് കീഴില്‍ പ്രവൃത്തി പുരോഗമിക്കുന്ന ഒന്‍പത് റോഡുകള്‍ സപ്തംബറോടെ പൂര്‍ത്തീകരിക്കും. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 14 റോഡുകളില്‍ ഒന്‍പത് എണ്ണത്തിന്റെ പ്രവൃത്തികള്‍ നവംബറിലും ബാക്കിയുള്ളവ ജനുവരിയിലും പൂര്‍ത്തീകരിക്കാനും നിർദേശം നൽകി.
തലശേരി- കളറോഡ്, കളറോഡ്-വളവുപാറ കെഎസ്ടിപി റോഡുകളുടെ ഭാഗമായുള്ള എരഞ്ഞോളി പാലം, കൂട്ടുപുഴ പാലം എന്നിവയുടെ നിര്‍മാണം, മട്ടന്നൂര്‍ ജംഗ്ഷന് വിപുലീകരണം എന്നിവ വേഗത്തിലാക്കണം. ഉരുവച്ചാല്‍ – മണക്കൈ റോഡിന്റെ ഡിസൈന്‍ തയാറാക്കുന്ന കാര്യത്തില്‍ സത്വര ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
ജില്ലയിലെ ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ അടുത്തകാലത്തായി നല്ല പുരോഗതി ഉണ്ടായതായി യോഗം വിലയിരുത്തി. വാട്ടര്‍ അഥോറിറ്റിയുടെ ജലവിതരണ പൈപ്പുകള്‍ ചിലയിടങ്ങളില്‍ മര്‍ദ്ദം താങ്ങാനാകാതെ പൊട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അതിന് പരിഹാരം കാണാന്‍ നടപടികളെടുക്കണം. സുഭിക്ഷ കേരളം പദ്ധതിയില്‍ നല്ല രീതിയിലുള്ള മുന്നേറ്റം നടത്താന്‍ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. ജില്ലയില്‍ മല്‍സ്യകൃഷി നല്ല രീതിയില്‍ വികസിപ്പിക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് സാധ്യമായ ഇടങ്ങളിലെല്ലാം ഇതിന് സംവിധാനം ഒരുക്കണം. മല്‍സ്യം വളര്‍ത്തല്‍ ഒരു സംസ്കാരമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള നടപടികള്‍ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുമായി ജില്ലയിലെ പ്രധാന പാതയോരങ്ങളില്‍ 110 ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്.
ഇതില്‍ ഡിടിപിസിയുടെ അനുമതി ലഭിച്ച 73 എണ്ണത്തില്‍ 10 എണ്ണം പൂര്‍ത്തിയായി. 40 എണ്ണം ഒക്ടോബറോടെ പൂര്‍ത്തിയാവും. സ്ഥലവുമായി ബന്ധപ്പെട്ട് തടസങ്ങളുള്ള ഇടങ്ങളില്‍ പകരം സ്ഥലം കണ്ടെത്താനും നിര്‍ദേശം നല്കി. ജില്ലയിലെ മറ്റ് പ്രധാന പദ്ധതികളുടെ അവലോകനം അടുത്ത ഘട്ടത്തില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിണറായി കണ്വെന്ഷന് സെന്ററിൽ നടന്ന യോഗത്തില്‍ മന്ത്രി എം.വി. ഗോവിന്ദൻ, എംഎല്‍എമാരായ കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്, ടി.ഐ. മധുസൂദനന്, കെ.പി. മോഹനന്, സണ്ണി ജോസഫ്, എ.എന്‍. ഷംസീര്‍, കെ.വി. സുമേഷ്, എം.വിജിന്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, മണ്ഡലം പ്രതിനിധി പി. ബാലന്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.