കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാസമ്മേളനം ഡിസംബര്‍ മധ്യത്തില്‍ മാടായി ഏരിയയിലെ എരിപുരത്ത് നടത്താന്‍ ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ പി. ജയരാജന് അധ്യക്ഷത വഹിച്ചു. കേന്ദ്ര -സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ പിബി അംഗം കോടിയേരി ബാലകൃഷ്ണന് വിശദീകരിച്ചു. ജില്ലയിലെ പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും ജില്ലാസെക്രട്ടറി എം.വി. ജയരാജന് വിശദമാക്കി. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജന്, എം.വി. ഗോവിന്ദന്, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബർ 10 മുതല്‍ 30 വരെയുള്ള തീയതികള്ക്കുള്ളിലും ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ മാസവും ഏരിയാ സമ്മേളനങ്ങള്‍ നവംബര്‍ മാസവും നടത്താന്‍ തീരുമാനിച്ചു. 3970 ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് ചുരുങ്ങിയത് ഒരു കേന്ദ്രത്തിലെങ്കിലും ശുചീകരണ പ്രവര്‍ത്തനം നടത്തും. കുടുംബ യോഗങ്ങള്‍ ഓണ്‍ലൈനായിട്ടാണ് സംഘടിപ്പിക്കുക.
ഉദ്ഘാടന സമ്മേളനത്തില്‍ രക്തസാക്ഷി കുടുംബങ്ങളെയും പഴയകാല പ്രവര്‍ത്തകരേയും ക്ഷണിക്കും. പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള 225 ലോക്കല്‍ സമ്മേളനങ്ങളോടനുബന്ധിച്ച് സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റുകാരും എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണവും, പൊതുയോഗവും ഓണ്‍ലൈനായി സംഘടിപ്പിക്കും. നവംബറില്‍ നടത്തുന്ന 18 ഏരിയാ സമ്മേളനങ്ങള്‍ രണ്ട് ദിവസങ്ങളിലായാണ് നടത്തുക.