പേരാവൂർ: അനാഥാലയങ്ങൾക്കുള്ള ഗ്രാന്റ് പുനഃസ്ഥാപിക്കാൻ സർക്കാർ തയാറാകണമെന്ന് വിവിധ സന്നദ്ധ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വഴിയിൽ നിന്ന് ഏറ്റെടുക്കുന്നവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകി വന്നിരുന്ന ഗ്രാന്റ് പോലും നിർത്തലാക്കിയ സർക്കാർ നിലപാട് അനീതിയാണ്. അടിയന്തരമായി അനാഥാലയങ്ങൾക്ക് കാലാകാലങ്ങളായി നൽകി വന്നിരുന്ന ഗ്രാന്റ് പുനഃസ്ഥാപിക്കണം.
കോവിഡ് ബാധിച്ച് പട്ടിണിയിലായ പേരാവൂർ തെറ്റുവഴിയിലെ കൃപാ ഭവൻ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ച ശേഷം ചേർന്ന വിവിധ സംഘടനകളുടെ യോഗമാണ് പ്രമേയം പാസാക്കിയത്. യോഗം മലബാർ വികസന സമിതി ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ജിന്റു കുന്നേൽ അധ്യക്ഷത വഹിച്ചു. വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികളായ സുരേഷ് കുമാർ ഓടാപ്പന്തിയിൽ , അമൽ കുര്യൻ, ജോൺസൺ തുരുത്തിയിൽ ,പി.എഫ്. ഫെലിക്സ് എന്നിവർ പ്രസംഗിച്ചു.