കണ്ണൂർ: മലയോരമേഖലകളിലെ രൂക്ഷമായ വന്യജീവി ആക്രമണങ്ങളിൽനിന്ന് കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഞ്ചിന് രാവിലെ 11 ന് അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് (എഐയുഡബ്ല്യുസി) കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഡിഎഫ്ഒ ഓഫീസിന് മുന്നിൽ കർഷകപ്രതിഷേധം സംഘടിപ്പിക്കും.
ഫലവത്തായ വൈദ്യുതവേലി അടിയന്തരമായി നിർമാണം പൂർത്തിയാക്കുക, ആനത്താരകളിൽ ആന മതിൽ, ശക്തമായ മുള്ളുകമ്പി വേലി തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ച് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയുക, വന്യജീവികൾ നശിപ്പിക്കുന്ന കാർഷികവിളകൾക്ക് ഉടനടി മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുക, അതിർത്തിയിലെ ഫോറസ്റ്റ് ഓഫീസിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ഡിസിസി ജനറൽ സെക്രട്ടറി ജോജി വർഗീസ് പ്രസംഗിക്കും. കർഷകരും ജനപ്രതിനിധികളും സമരത്തിൽ പങ്കെടുക്കുമെന്ന് എഐയുഡബ്ല്യുസി ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അറിയിച്ചു.
previous post