27 C
Iritty, IN
May 9, 2024
  • Home
  • Uncategorized
  • കേരള ബാങ്ക് ലയനം: സർക്കാർ ഭേദഗതി അസാധുവാക്കണമെന്ന് റിസർവ് ബാങ്ക്
Uncategorized

കേരള ബാങ്ക് ലയനം: സർക്കാർ ഭേദഗതി അസാധുവാക്കണമെന്ന് റിസർവ് ബാങ്ക്


കൊച്ചി ∙ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനായി കേരള സഹകരണ സൊസൈറ്റി നിയമത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതി അസാധുവാണെന്നു പ്രഖ്യാപിക്കണമെന്ന് ആർബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലയനത്തിനെതിരെ യു.എ. ലത്തീഫ് എംഎൽഎ ഉൾപ്പെടെ നൽകിയ ഹർജിയിലാണു റിസർവ് ബാങ്കിനുവേണ്ടി സൂപ്പർവിഷൻ വകുപ്പിലെ അസിസ്റ്റന്റ് ജനറൽ മാനേജർ ടി.ആർ.സൂരജ് മേനോൻ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് സംരക്ഷണം നൽകുന്ന ഡിപ്പോസിറ്റ് ഇൻഷുറൻസ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ നിയമത്തിലെ (ഡിഐസിജിസി ആക്ട്) വ്യവസ്ഥകളെ ലംഘിക്കുന്നതാണു സർക്കാർ കൊണ്ടുവന്ന ഭേദഗതിയെന്നു പ്രഖ്യാപിക്കണമെന്നും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സഹകരണ സൊസൈറ്റി നിയമത്തിന്റെ 74എച്ച് വകുപ്പിൽ ഭേദഗതി പ്രകാരം ആർബിഐയുടെ രേഖമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ നിർബന്ധിതമായി ജില്ലാ സഹകരണ ബാങ്കുകളുടെ ലയനം നടത്താം. എന്നാലിതു ഡിഐസിജിസി നിയമ വ്യവസ്ഥകളെ നിഷേധിക്കുന്നതാണെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്.

ഡിഐസിജിസി നിയമത്തിന്റെ 2 (ജിജി) വകുപ്പ് പ്രകാരം ബാങ്കുകൾ പ്രവർത്തനം നിർത്തുകയോ, ലയനം നടത്തുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുന്നതിനു ആർബിഐയുടെ മുൻകൂറുള്ള രേഖാമൂലമുള്ള അനുമതി വേണം. ഡിഐസിജിസി നിയമത്തിന്റെ 2 (ജിജി) വ്യവസ്ഥകൾ കേരള സഹകരണ സൊസൈറ്റി (കെസിഎസ്) നിയമത്തിന്റെ 74എ വകുപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ഈ വ്യവസ്ഥ പാലിച്ചിരിക്കണം എന്നുണ്ട്. എന്നാൽ മലപ്പുറം ഒഴികെ മറ്റു ജില്ലാ ബാങ്കുകൾ പ്രമേയം പാസാക്കിയതോടെ സർക്കാർ 2021ൽ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ജനുവരി 12ന് സഹകരണ സൊസൈറ്റി റജിസ്ട്രാർ ഭേദഗതി പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനത്തിന് ഉത്തരവിട്ടു. ഇതാണ് ഹർജികളിൽ ചോദ്യം ചെയ്തത്.

Related posts

ലോക്സഭാ തെരഞ്ഞെടുപ്പ്;എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും മൊബൈല്‍ പട്രോളിങ് ടീം

Aswathi Kottiyoor

ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും

Aswathi Kottiyoor

ഇന്ത്യ–കാനഡ പ്രശ്നങ്ങൾ അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യണം, പരസ്പരം ശത്രുരാജ്യമായി കാണരുത്: ശശി തരൂർ

Aswathi Kottiyoor
WordPress Image Lightbox