25.3 C
Iritty, IN
May 23, 2024
  • Home
  • Uncategorized
  • കൊതിച്ചത് ‘കിങ്’ ആകാൻ, ഉരുക്കുകോട്ടയിൽ തകർന്നടിഞ്ഞു; ജെഡിഎസിന്റെ ഭാവി ചോദ്യചിഹ്നം
Uncategorized

കൊതിച്ചത് ‘കിങ്’ ആകാൻ, ഉരുക്കുകോട്ടയിൽ തകർന്നടിഞ്ഞു; ജെഡിഎസിന്റെ ഭാവി ചോദ്യചിഹ്നം

കർണാടകയിൽ ജെഡിഎസിന്റെ ഉരുക്കുകോട്ടയായ പഴയ മൈസൂർ മേഖലയിൽ കോൺഗ്രസ് തരംഗം. അവിടെനിന്നു ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന സീറ്റുകളിൽ കണ്ണുവച്ചാണ് തൂക്കുമന്ത്രിസഭ വന്നാൽ മുഖ്യമന്ത്രിപദത്തിനു ശ്രമിക്കാമെന്ന് എച്ച്.ഡി. കുമാരസ്വാമി കണക്കുകൂട്ടിയത്. എന്നാൽ ജെഡിഎസിന്റെയും കുമാരസ്വാമിയുടെയും പ്രതീക്ഷകളെല്ലാം തകിടംമറിച്ചാണ് കോൺഗ്രസ് ഈ മേഖലയിൽ തേരോട്ടം നടത്തിയത്. പഴയ മൈസൂർ മേഖലയിലെ 64 സീറ്റുകളിൽ 43 ലും കോൺഗ്രസിനാണ് മുന്നേറ്റം. ജെഡിഎസ് 14 സീറ്റിൽ ഒതുങ്ങിയപ്പോൾ ബിജെപിക്കു അഞ്ച് സീറ്റു മാത്രമാണ് നേടാനായത്. സർവോദയ കർണാടക പക്ഷ (എസ്കെപി), സ്വതന്ത്രർ എന്നിവർ ഓരോ സീറ്റും നേടി.

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഴയ മൈസൂർ മേഖലയിൽ 35 ശതമാനം വോട്ടുവിഹിതത്തോടെ 26 സീറ്റുകൾ നേടിയ ജെഡിഎസിന് ഇത്തവണ ഈ മേഖലയിൽ 12 സീറ്റുകളാണ് നഷ്ടമായത്. കഴിഞ്ഞ തവണ 20 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ 23 സീറ്റുകൾ വർധിപ്പിച്ച് 43 സീറ്റ് നേടി. പഴയ മൈസൂർ മേഖലയിൽ ഇത്തവണ ബിജെപിക്കും കനത്ത നഷ്ടമാണുണ്ടായത്. 2018 ലെ തിരഞ്ഞെടുപ്പിൽ 16 സീറ്റുകളിൽ ജയിച്ച ബിജെപിക്ക് ഇത്തവണ അഞ്ച് സീറ്റുകൾകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ജെഡിഎസിന്റെ ശക്തികേന്ദ്രമായ ദക്ഷിണ കർണാടകയിലെ പഴയ മൈസൂർ മേഖല ഇത്തവണയും അനായാസം കൈപ്പിടിയിലൊതുക്കാം എന്ന ആത്മവിശ്വാസം പാർട്ടിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. വൊക്കലിഗ വോട്ടുബാങ്കായ ഈ മേഖലയിൽ കോൺഗ്രസും ബിജെപിയും ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കാരണം. എന്നാൽ ഇത്രയും വലിയ തകർച്ച ജെഡിഎസ് പ്രതീക്ഷിച്ചിരുന്നില്ല.

ബെംഗളൂരു വിമാനത്താവളത്തിനടുത്ത് കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് വൊക്കലിഗ വോട്ടുകൾ ലക്ഷ്യമിട്ടാണ്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ വൊക്കലിഗ സാന്നിധ്യമായ ഡി.കെ. ശിവകുമാറും ജെഡിഎസിന്റെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചിരുന്നു. വൊക്കലിഗ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് 2019 ൽ ശിവകുമാറിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കിയത്. കോൺഗ്രസ് ഭരണം പിടിച്ചാൽ മുഖ്യമന്ത്രിയാകാൻ സാധ്യത കൽപിക്കപ്പെടുന്നവരിൽ ഒരാൾ എന്ന നിലയിൽ കോൺഗ്രസിന് അനുകൂലമായി വൊക്കലിഗ വോട്ടുകൾ മറിയുമോയെന്ന് ജെഡിഎസ് ആശങ്കപ്പെട്ടിരുന്നു. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് മുൻ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷനാക്കിയതും ജെഡിഎസിനു ഗുണം ചെയ്തില്ല. ചന്നപട്ടണ മണ്ഡലത്തിൽ എച്ച്.ഡി. കുമാരസ്വാമി ജയിച്ചെങ്കിലും മകൻ നിഖിൽ രാമനഗര മണ്ഡലത്തിൽ പരാജയപ്പെട്ടു.
മാസങ്ങൾക്കു മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാണ് ജെഡിഎസ് മത്സരത്തിനിറങ്ങിയത്. എന്നാൽ പഴയ മൈസൂരു മേഖലയിൽ ജെഡിഎസിനെതിരെ ബിജെപി നടത്തിയ ശക്തമായ പ്രചാരണം കോൺഗ്രസിനാണ് യഥാർഥത്തിൽ ഗുണം ചെയ്തതെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. ഭരണത്തിന്റെ ഭാഗമാകാൻ ആരുമായും കൂട്ടുകൂടാൻ മടിക്കാത്തത് ജെഡിഎസിനു തിരിച്ചടിയായി. ബിജെപിയുടെ ബി ടീം എന്ന ആരോപണം ജെഡിഎസിന് പരമ്പരാഗതമായി ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാകാനും ഇടയാക്കി. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടുതൽ ചുരുങ്ങുന്ന സ്ഥിതിയിലാണ് ജെഡിഎസ്. കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിലേക്കു കർണാടക രാഷ്ട്രീയം മാറുന്ന സാഹചര്യത്തിൽ, സംസ്ഥാന രാഷ്ട്രീയത്തിൽ ജെഡിഎസിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

Related posts

കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

Aswathi Kottiyoor

വിവാഹ വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റി, ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതികൾ റിമാൻഡിൽ

Aswathi Kottiyoor

രാജ്യത്ത് വൻ ലഹരി വേട്ട; ഡൽഹിയിലും പൂനെയിലുമായി 2500 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox