• Home
  • Kozhikkod
  • പേവിഷബാധയ്ക്കെതിരായ വാക്‌സിൻ എടുത്തിട്ടും മരണം: അവ്യക്തത നീങ്ങിയില്ല, മുറിവെല്ലാം ഉണങ്ങിവന്നിരുന്നു.
Kozhikkod

പേവിഷബാധയ്ക്കെതിരായ വാക്‌സിൻ എടുത്തിട്ടും മരണം: അവ്യക്തത നീങ്ങിയില്ല, മുറിവെല്ലാം ഉണങ്ങിവന്നിരുന്നു.

പേരാമ്പ്ര: തെരുവുനായ കടിച്ചതിനെത്തുടര്‍ന്ന് കൂത്താളി രണ്ടേആറിലെ പുതിയേടത്ത് ചന്ദ്രിക (53) മരിച്ച സംഭവത്തില്‍ പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍. പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കൃത്യമായെടുത്തിട്ടും എങ്ങനെ മരണമുണ്ടായെന്ന അവ്യക്തതയിലാണ് ബന്ധുക്കളും നാട്ടുകാരുമെല്ലാം.

ആദ്യതവണ നടത്തിയ പരിശോധനാഫലം നെഗറ്റീവാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഇതോടെ സ്ഥിരീകരണത്തിനായി പിന്നീടുള്ള പരിശോധനാഫലം കാത്തിരിക്കുകയാണ്. കണ്ണില്‍നിന്നും നട്ടെല്ലില്‍ നിന്നും സ്രവമെടുത്താണ് മരണത്തിനുമുമ്പ് വീണ്ടും പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ മാസം 21-നാണ് ചന്ദ്രികയടക്കം ഒട്ടേറെപ്പേരെ നായ കടിച്ചത്. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് പിന്നീട് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. വീടിനുസമീപമുള്ള വയലില്‍ നില്‍ക്കുമ്പോഴാണ് ചന്ദ്രികയെ നായ ആക്രമിച്ചത്. അവരുടെ മുഖത്തും കൈയിലും പരിക്കുണ്ടായി. ആഴത്തിലുള്ള മുറിവാണ് മുഖത്തുണ്ടായത്. മുറിവെല്ലാം ഉണങ്ങിവന്നിരുന്നു. നായ കടിച്ച ഉടനെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍നിന്നും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും വാക്‌സിനെടുത്തിരുന്നു. തുടര്‍ഡോസുകളുമെടുത്തു. 18-നുള്ള ഒരു ഡോസേ എടുക്കാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.പിന്നീട് ഓഗസ്റ്റ് ആറിന് പനിയും തലവേദനയുമെല്ലാം വന്നതോടെ ചന്ദ്രികയെ പേരാമ്പ്രയിലെ സഹകരണാശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടുത്തദിവസമായപ്പോള്‍ അസുഖം കൂടി. പിന്നാലെ എം.ഐ.സി.യു.വിലേക്ക് മാറ്റി.

പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മകന്‍ ജിതേഷ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സ്ഥിരീകരിക്കാന്‍ പരിശോധന നടത്തിയത്. അതിനിടെ ആരോഗ്യസ്ഥിതി വഷളായി ശനിയാഴ്ച രാത്രി മരണം സംഭവിച്ചു.

പരിശോധനാഫലം വന്നാല്‍ മാത്രമേ മരണം പേവിഷബാധയേറ്റാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഡി.എം.ഒ. ഡോ. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. ആദ്യതവണ പരിശോധനാഫലം നെഗറ്റീവായിരുന്നു. പിന്നീട് സാംപിളില്‍ വ്യക്തതയില്ലെന്ന പ്രശ്‌നമുണ്ടായി. 19-ന് അവസാനമയച്ച സാംപിളിന്റെ പരിശോധനാഫലം വരാന്‍ കാത്തിരിക്കുകയാണ്. രോഗി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെന്നാണ് വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍വീണ് ദമ്പതിമാര്‍ക്ക് പരിക്ക്; 20 കീ.മി ദൂരത്തില്‍ 700-ഓളം കുഴികള്‍.

Aswathi Kottiyoor

കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി

Aswathi Kottiyoor

കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി: റിപ്പബ്ലിക് ദിനത്തില്‍ ഓടിത്തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox