കൊട്ടിയൂർ: പാൽച്ചുരം പുതിയങ്ങാടിയിൽ പുലിയുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ വന വകുപ്പ് ജീവനക്കാരെ തടഞ്ഞുവച്ചു. വളർത്തുമൃഗങ്ങളെ നിരന്തരം അക്രമിക്കുകയും മനുഷ്യ ജീവനു ഭീഷണിയാകുകയും ചെയ്തതോടെയാണ് പുലിയെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുവന്നത്. ആഴ്ച്ചകൾക്ക് മുമ്പ് അഞ്ച് വളർത്തുനായ്ക്കളെ പുലി പിടിച്ചതായി നാട്ടുകാർ പറയുന്നു. പുലി ഭീതി കാരണം കൃഷിയിടത്തിൽ പകലുപോലും ജോലി ചെയ്യാനോ വളർത്തുമൃഗങ്ങളെ പുറത്തിറക്കാനോ കഴിയാത്ത അവസ്ഥയാണ്.
കൂടുവച്ച് പുലിയെ പിടികൂടണമെന്ന് അവശ്യത്തിന് വനം വകുപ്പ് അനുകൂലമായി ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെയാണ് വനപാലകരെ നാട്ടുകാർ തടഞ്ഞുവച്ചത്. തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നാരോത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുമായി ചർച്ച നടത്തി . പുലിയുടെ സാന്നിധ്യം മനസിലാക്കുന്നതിനായി കാമറകൾ സ്ഥാപിക്കുകയും രാത്രിയിൽ വനംവകുപ്പ് ജീവനക്കാർ പ്രദേശത്ത് കാവൽ ഉണ്ടാകുമെന്നും പുലിയുടെ സ്ഥിരീകരണമുണ്ടായാൽ കൂടുവച്ച് പിടികൂടുമെന്നും ഉറപ്പ് നല്കിയതിനെ തുടർന്ന് വനപാലകരെ നാട്ടുകാർ വിട്ടയച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ. സുനീന്ദ്രൻ, വാർഡ് മെംബർ ഷാജി പൊട്ടയിൽ, റെജി കന്നുകുഴി , സിജു താന്നിവേലിൽ തുടങ്ങിയവർ നേതൃത്വം നല്കി.
previous post