കണ്ണൂർ: കോവിഡ് കാരണം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിന് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച “ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ കാമ്പയിന് തുടക്കമായി. ഖാദി ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള 500 രൂപയുടെ 1000 കൂപ്പണുകള്‍ കുടുംബശ്രീ ഏറ്റെടുത്തു. ഇതിലൂടെ അഞ്ച് ലക്ഷം രൂപയുടെ ഖാദി ഉത്പന്നങ്ങള്‍ കുടുംബശ്രീ സംവിധാനം വഴി വിതരണം ചെയ്യും. ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ 500 രൂപ വിലയുള്ള 500 കൂപ്പണുകള്‍ വാങ്ങി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാമ്പയിന് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്. ഇതേ മാതൃകയില്‍ ജില്ലയിലെ മറ്റ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സാമൂഹ്യ-രാഷ്ട്രീയ സംഘടനകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ രംഗത്തുവരണമെന്നും കളക്ടര്‍ ആഹ്വാനം ചെയ്തു. ഓണത്തിന് പരമാവധി ഖാദി, കൈത്തറി വസ്ത്രങ്ങളും ഉത്പന്നങ്ങളും വാങ്ങുകയും കുടുംബക്കാര്‍ക്കും മറ്റും പ്രിയപ്പെട്ടവര്‍ക്കും വാങ്ങി നല്‍കുകയും ചെയ്യണമെന്ന സന്ദേശമാണ് കാമ്പയിനിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
കണ്ണൂര്‍ നഗരത്തിലെ വയോജന കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്ക് ഡിടിപിസിയുമായി സഹകരിച്ച് ഓണക്കോടി നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. റെഡിമെയ്ഡ് ഷര്‍ട്ട്, കോട്ടണ്‍ സാരി, കോട്ടണ്‍ ,സില്‍ക്ക്, ടാക്ക മസ്ലിന് ഷര്‍ട്ട് പീസുകള്‍, കാവി മുണ്ട്, ദോത്തികള്‍, ബെഡ്ഷീറ്റ്, തോര്‍ത്ത്, കൊതുക് വലകള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് ഖാദി ഓണക്കാലത്ത് വില്‍പ്പനയ്ക്കെത്തിച്ചിട്ടുള്ളത്.
previous post