കണ്ണൂർ: ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സംഘടനയായ “ഫോഗ്സി’ യുടെ മധ്യവയസ്കരായ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന, മിഡ്ലൈഫ് കമ്മിറ്റി ദേശീയതല ചെയർപേഴ്സണായി ഡോ. പി. ഷൈജസ് ചുമതലയേറ്റു. ഹൈദരാബാദ് നോവോട്ടലിൽ നടന്ന ചടങ്ങിൽ ഫോഗ്സി ദേശീയ പ്രസിഡന്റ് ഡോ. എസ്. ശാന്തകുമാരിയാണ് ഈ പദവിയിലേക്ക് ഡോ. ഷൈജസിനെ നിയോഗിച്ചത്. മധ്യവയസ്കരായ സ്ത്രീകളിൽ കാണപ്പെടുന്ന ആരോഗ്യപരമായ പ്രശ്നങ്ങളും, മിഡ്ലൈഫ് ക്രൈസിസ് എന്നറിയപ്പെടുന്ന മാനസിക പ്രതിസന്ധിയടക്കമുള്ള രോഗാവസ്ഥകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും അതിനുള്ള പരിഹാരമാർഗങ്ങൾ നടപ്പിലാക്കാനും ഉതകുന്ന നിരവധി നൂതന പദ്ധതികളായിരിക്കും സംഘന നടപ്പിലാക്കുക. “മോർ ലൈഫ് ടു മിഡ്ലൈഫ്’ എന്ന പ്രമേയത്തിനനുസൃതമായി കേരളം അടക്കമുള്ള 28 സംസ്ഥാനങ്ങളിൽ മൂന്ന് വർഷത്തിനകം ഈ പദ്ധതി നടപ്പിലാക്കും. ഈ പദവിയിലേക്കെത്തുന്ന ആദ്യ മലയാളി കൂടിയാണ് ഡോ. പി. ഷൈജസ്. കണ്ണൂർ ഗൈനക്കോളജി സൊസൈറ്റിയുടെ പ്രസിഡന്റും സംസ്ഥാന സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമാണ് അദ്ദേഹം.