• Home
  • Uncategorized
  • കാട്ടാനകളെ തുരത്തൽ സ്‌പെഷ്യൽ ഡ്രൈവ് : 21 ആനകളെ കണ്ടെത്തി 10 എണ്ണത്തെ കാട്ടിലേക്ക് തുരത്തിവിട്ടു
Uncategorized

കാട്ടാനകളെ തുരത്തൽ സ്‌പെഷ്യൽ ഡ്രൈവ് : 21 ആനകളെ കണ്ടെത്തി 10 എണ്ണത്തെ കാട്ടിലേക്ക് തുരത്തിവിട്ടു

ഇരിട്ടി : ആറളം ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിവിടാനുള്ള സ്‌പെഷ്യൽ ഡ്രൈവിന് തിങ്കളാഴ്ച തുടക്കമായി. ആദ്യദിവസത്തെ പരിശോധനയിൽ 21 ആനകളെ ഫാമിന്റെ അധീന മേഖലയിലെ കൃഷിയിടങ്ങളിൽ കണ്ടെത്തി. ഏറെ മണിക്കൂറുകളുടെ പരിശ്രമത്തിൽ ഇതിൽ 10 ആനകളെ വനത്തിലേക്ക് തിരിച്ചുവിട്ടു. ശേഷിക്കുന്ന ആനകളെ ചൊവ്വാഴ്ച വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം തുടരും.
രാവിലെ 8 .30 തോടെയാണ് ആനകളെ തുരത്തൽ സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. ഫാമിന്റെ കാർഷിക മേഖലയായ ബ്ലോക്ക് ഒന്നുമുതൽ നാലുവരെയുള്ള പ്രദേശങ്ങളിൽ തമ്പടിച്ചു കിടക്കുന്ന 21 ആനകളെ കണ്ടെത്തുകയും ഇവയെ കൂട്ടത്തോടെ തുരത്താനുള്ള ശ്രമം വനം വകുപ്പ് ശ്രമം തുടങ്ങുകയും ചെയ്തു. ഏറെ പരിശ്രമത്തിന് ശേഷം ഉച്ചക്ക് 11 മണിയോടെ ആനകളെ പാലപ്പുഴ – കീഴ്പ്പള്ളി റോഡ് വരെ എത്തിച്ചു. റോഡ് മുറിച്ചുകടത്തി ആറളം ഫാം സ്‌കൂളിന് മുൻ വശത്തുകൂടെ കോട്ടപ്പാറവഴി വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിടാനായിരുന്നു പദ്ധതി. എന്നാൽ പാലപ്പുഴ – കീഴ്പ്പള്ളി റോഡിന് സമീപം വരെ എത്തിയ ആനക്കൂട്ടം പിന്തിരിഞ്ഞോടാൻ ശ്രമിച്ചത് പ്രതിസന്ധി സൃഷ്ടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇതിൽ 10 എണ്ണത്തെ റോഡ് മുറിച്ചു കടത്തിയെങ്കിലും ബാക്കിയുള്ളവ ചിതറി ഓടി. റോഡ് കടത്തിയവയെ പുനരധിവാസമേഖലയും കടത്തി വൈകുന്നേരത്തോടെ കാട്ടിലേക്ക് തുരത്തി വിട്ടു.
മേഖലയിൽ അതീവ സുരക്ഷ ഒരുക്കിയാണ് ആനകളെ തുരത്തൽ നടപടിയിലേക്കു അധികൃതർ തിരിഞ്ഞത്. ഫാമിലേക്കുള്ള പ്രധാന റോഡുകളും ഇടറോഡുകളും അടച്ച് മൈക്ക് ആനൗൺസ്‌മെന്റ് അടക്കം ഒരുക്കിയിരുന്നു. പോലീസ്, അഗ്‌നിശമന സേനാ വിഭാഗം , ആരോഗ്യ വിഭാഗം, ആറളം പഞ്ചായത്ത്, ആറളം ഫാർമിങ് കോർപറേഷൻ, ടി ആർ ഡി എം തുടങ്ങിയ വകുപ്പുകളുടെ സേവനവും ലഭ്യമാക്കിയിരുന്നു .
ആറളം വൈൽഡ്‌ലൈഫ് വാർഡൻ എ. ഷജ്‌ന , കൊട്ടിയൂർ റെയിഞ്ചർ സുധീർ നരോത്ത് എന്നിവരുടെ നേതൃത്വത്തിൽ ആറളം , കൊട്ടിയൂർ റെയിഞ്ചുകളുടേയും നരിക്കടവ് ഫോറെസ്റ്റ് സ്റ്റേഷൻ, കൊട്ടിയൂർ വന്യജീവി സങ്കേതം, ആർ ആർ ടി എന്നിവിടങ്ങളിലെ വനം വകുപ്പ് ജീവനക്കാരും വാച്ചർമാരും, ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 90 അംഗങ്ങളുള്ള സ്‌പെഷ്യൽ ഡ്രൈവ് ആണ് തുരത്തലിന് നേതൃത്വം നൽകുന്നത്. ആറളം അസിസ്റ്റന്റ് വാർഡൻ എം. അനിൽകുമാർ, നരിക്കടവ് ഫോറസ്റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റെയിഞ്ചർ ജയേഷ് ജോസഫ്, ആർ ആർ ടി റെയിഞ്ചർ രാജൻ, ആറളം ഫാം സെക്യൂരിറ്റി ജീവനക്കാർ എന്നിവരും പങ്കെടുത്തു. കൺട്രോളിങ് ടീം, ട്രെയ്‌സിങ് ടീം, ലീഡിങ് ടീം, റോഡ് ബ്ലോക്ക് ടീം, ഡ്രൈവിംഗ് ടീം എന്നിങ്ങനെ അഞ്ചു ഗ്രുപ്പുകളായി തിരിച്ചായിരുന്നു തുരത്തൽ.
ഫാമിൽ മുപ്പതോളം ആനകൾ ഉള്ളതായി ഇവിടുത്തെ ജീവനക്കാർ അവകാശപ്പെട്ടിരുന്നു. ഇപ്പോൾ കണ്ടെത്തിയ 21 ന് പുറമെ ഫാമിന്റെ മറ്റ് ബ്ലോക്കുകളിലും ആദിവാസി പുരധിവാസ മേഖലയിലെ പൊന്തക്കാടുകളിലും കൂടുതൽ എണ്ണം ഉണ്ടാകാനുള്ള സാധ്യത വനം വകുപ്പധികൃതരും കാണുന്നുണ്ട്. രണ്ട് മൂന്ന് മാസമായി ഫാമിൽ കാട്ടാനയുടെ സംഹാര താണ്ഡവവമായിരുന്നു. നൂറുകണക്കിന് തെങ്ങുകളും കൊക്കോയും കമുങ്ങും ഉൾപ്പെടെ കുത്തി വീഴ്ത്തി ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ഫാമിൽ ചക്കയുടേയും കശുമാങ്ങയുടേയും ലഭ്യത കുറഞ്ഞതോടെ ബാവലി പുഴ കടന്ന് ജനവാസ മേഖലയിലേക്കും എത്താൻ തുടങ്ങിയതോടെയാണ് അധികൃതർ തുരത്തൽ നടപടികളുമായി മുന്നോട്ട് വന്നത്.
ഫാമിൽ നിന്നും വന്യജീവി സങ്കേത്തതിനുള്ളിലേക്ക് തുരത്തിവിടുന്ന കാട്ടനകൾ വീണ്ടും ഫാം മേഖലയിലേക്ക് പ്രവേശിക്കാതിരിക്കാൻ അതിർത്തിയിൽ പരിശോധന ശക്തമാക്കുമെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്‌ന പറഞ്ഞു . റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും , ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെയും നേതൃത്വത്തിൽ അതിർത്തിയിൽ രാത്രി പരിശോധന ഉണ്ടാവും. വനാതിർത്തിയിൽ തകർന്ന കാട്ടന പ്രതിരോധ സംവിധാനങ്ങൾ പുനസ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ബുധനാഴ്ചയോടെ ആനകളെ മുഴുവൻ വനത്തിലേക്ക് കടത്തിവിടാനാവുമെന്നും ഇവർ അറിയിച്ചു .

Related posts

കെ റെയിൽ വിരുദ്ധ സമരത്തിന്റെ പ്രതീകമായ തങ്കമ്മയുടെ വീടിന് തറക്കല്ലിട്ടു; വീട് നിർമ്മിച്ചു നൽകുന്നത് സമരസമിതി

Aswathi Kottiyoor

ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; 3 പേരെ കേന്ദ്രീകരിച്ച് അന്വേഷണം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും മഴ തുടരും, മലയോര മേഖലയിൽ കനത്തമഴ, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

Aswathi Kottiyoor
WordPress Image Lightbox