തലശേരി: സംഘർഷഭരിത ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലൊന്ന് മദ്യത്തിന്റേയോ മയക്കുമരുന്നിന്റേയോ ഉപയോഗം മൂലം സംഭവിക്കുന്നതാണെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട്. കണ്ണൂർ ജില്ലാ സോഷ്യൽ ജസ്റ്റീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ തലശേരി “പ്രതീക്ഷ’യിൽ നടന്ന അന്താരാഷ്ട ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്.
പ്രതീക്ഷ ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ അധ്യക്ഷനായിരുന്നു. അൻപതിനായിരം ലക്ഷം മയക്കു മരുന്നും നാല്പതിനായിരം ലക്ഷം കോടി രൂപയുടെ മദ്യക്കച്ചവടവും ലോകത്ത് നടക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത ലോകം ഭ്രാന്താലയതുല്യമാകും എന്ന യാഥാർഥ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ലഹരിമുക്ത ജീവിതം നയിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണമെന്നും ഫാ. ചാക്കോ പറഞ്ഞു.
സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് മേധാവി എം. അഞ്ജു മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഫാ.മാത്യു കാരിക്കൽ, എം.എൽ. ജോയ് എന്നിവർ പ്രസംഗിച്ചു. റവ.ഡോ.ജോൺസൺ അന്ത്യാംകുളം, മനു മാത്യു എന്നിവർ നേതൃത്വം നൽകി.