മട്ടന്നൂർ: കനത്ത മഴയിൽ തകർന്ന മട്ടന്നൂർ കാരയിലെ പഴശി ജലസേചന പദ്ധതിയുടെ മെയിൻ കനാലിന്റെയും റോഡിന്റെയും പുനർനിർമാണം പുരോഗമിക്കുന്നു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രണ്ട് വർഷം മുമ്പുള്ള പ്രളയത്തിലാണ് കാരയിൽ കനാൽ റോഡ് തകർന്നത്. വലിയ തോടിനു മുകളിൽ രണ്ട് ഗുഹാദ്വാരവുമായി നിർമിച്ച കലുങ്കും അതിന് മുകളിൽ മണ്ണിട്ടുയർത്തിയ റോഡുകളും നടുവിൽ നിർമിച്ച കനാലുമാണ് പ്രളയത്തിൽ തകർന്നത്. ബസ് സർവീസ് അടക്കമുള്ള റോഡ് രണ്ടായി പിളർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.
ജനങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചാണ് പ്രവൃത്തി നടത്തുന്നത്. കലുങ്ക് പൊളിച്ചുമാറ്റി പുതിയത് നിർമിക്കുന്നുണ്ട്. കോൺക്രീറ്റിനു മുകളിൽ മണ്ണിട്ട് ഉയർത്തി റോഡുകളും കനാലും നിർമിക്കും. റോഡ് തകർന്നതിനാൽ മാസങ്ങളോളം പ്രദേശവാസികൾ മറ്റു വഴികളിലൂടെയാണ് ലക്ഷ്യസ്ഥാനത്ത് എത്താറുള്ളത്. കനാലിനോട് ചേർന്നു താത്കാലിക റോഡ് നിർമിച്ചാണ് ചെറുവാഹനങ്ങൾ ഇപ്പോൾ കടത്തിവിടുന്നത്. കോടികൾ ചെലവിട്ട് നടത്തുന്ന പ്രവൃത്തി ജൂൺ അവസാനത്തോടെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
previous post