കണ്ണൂർ: വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കുറ്റമറ്റതാക്കാനും അവയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാനും ഉതകുന്ന പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കൂടുതല്‍ സ്മാര്‍ട്ടാക്കും.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുമായി വോട്ടെടുപ്പിന്റെ തലേന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ വിതരണകേന്ദ്രത്തില്‍നിന്ന് പുറപ്പെടുന്നതുമുതല്‍ വോട്ടിംഗ് അവസാനിച്ച് തിരികെ സ്വീകരണകേന്ദ്രത്തിൽ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ മേലധികാരികളെ അറിയിക്കുന്നതിനുള്ളതാണ് പോള്‍ മാനേജര്‍ ആപ്.
ഇതോടൊപ്പം വോട്ടെടുപ്പ് തടസപ്പെടുന്ന രീതിയിലുള്ള എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളുണ്ടാകുന്ന പക്ഷം ആപ്പിലെ എസ്ഒഎസ് ബട്ടന് അമര്‍ത്തിയാല്‍ വിവരം അപ്പോള്‍ത്തന്നെ പോലീസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് ലഭ്യമാകുന്ന സംവിധാനവും ഇതിലുണ്ട്. പ്രിസൈ
ഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടര്‍ ഓഫീസര്‍ എന്നിവര്‍ക്ക് ഈ ആപ് ഉപയോഗിക്കാന്‍ സാധിക്കും. മൊബൈല്‍ നമ്പര്‍ നല്കി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യാം.
ബൂത്തുകളിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം വിതരണകേന്ദ്രങ്ങളില്‍ ലഭ്യമായിരിക്കും. ആപ് തടസമില്ലാതെ പ്രവര്‍ത്തിക്കുന്നതിന് ഇന്റര്‍നെറ്റ് ഡാറ്റ ബാലന്‍സ് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. പോളിംഗ് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍നിന്ന് പുറപ്പെട്ടതിന്റെയും എത്തിയതിന്റെയും വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ രേഖപ്പെടുത്തണം.
21 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. പോളിംഗ് ദിവസം രാവിലെ മോക് പോള്‍ നടത്തിയോ, വോട്ടിംഗ് എപ്പോള്‍ തുടങ്ങി, എപ്പോള്‍ അവസാനിച്ചു തുടങ്ങിയ കാര്യങ്ങള്‍ അപ്പപ്പോള്‍ നല്‍കണം.
ഓരോ മണിക്കൂറിലും അതുവരെ വോട്ട് ചെയ്ത ആളുകളുടെ എണ്ണം അപ്ഡേറ്റ് ചെയ്യാനും ആപ്പില്‍ സംവിധാനമുണ്ട്. വോട്ടിംഗ് സമയത്തിനുശേഷവും വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്ക്കുന്നവരുടെ എണ്ണം, ആകെ ചെയ്ത വോട്ടുകള്‍, വോട്ടെടുപ്പ് പൂര്‍ത്തിയായ സമയം, വോട്ടെടുപ്പ് ഉദ്യോഗസ്ഥ സംഘം കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിയ വിവരം എന്നിവയും ആപ്പില്‍ രേഖപ്പെടുത്തണം.
സെക്ടറല്‍ ഓഫീസര്‍ക്ക് തന്റെ കീഴിലെ എല്ലാ ബൂത്തുകളുടെയും വിവരങ്ങള്‍ ആപ്പില്‍ കാണാനാകും.
അതില്‍ ഏതെങ്കിലും ബൂത്തിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തതായുണ്ടെങ്കില്‍ സെക്ടര്‍ ഓഫീസര്‍ക്ക് വിവരങ്ങള്‍ അന്വേഷിച്ച് ഡാറ്റ അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. ഒരു ബൂത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ ലഭ്യമാകും. കേരള തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ നിര്‍മിച്ച ഈ ആന്‍ഡ്രോയ്ഡ് ആപ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. കഴിഞ്ഞ ലോക്സഭാ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ഈ ആപ് വിജയകരമായി ഉപയോഗിച്ചിരുന്നു.