കേളകം: ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്ന പ്രവർത്തനം താൽക്കാലികമായി നിർത്തി. രണ്ടുദിവസത്തെ ശ്രമത്തിനിടയിൽ 12 ആനകളെ തുരത്താൻ കഴിഞ്ഞെങ്കിലും അവശേഷിക്കുന്ന എട്ട് ആനകൾ ഫാമിെൻറ അധീന മേഖലയിലാണ് ഉള്ളത്.
ആറളം, കൊട്ടിയൂർ, കണ്ണവം റെയ്ഞ്ചിലെ 30 വനപാലകരുടെയും ആറളം ഫാമിലെ പത്തോളം തൊഴിലാളികളുടേയും നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായാണ് 12 എണ്ണത്തെ തുരത്താനായത്. കടുത്ത ചൂടും മറ്റും കാരണം ജീവനക്കാർ ക്ഷീണിതരായതിനാലാണ് താൽക്കാലികമായി നിർത്തിവെച്ചതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. വനത്തിലേക്ക് കടന്ന ആനക്കൂട്ടത്തിൽ ഒരു സംഘം തിരികെ പ്രവേശിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആനമതിൽ തകർന്ന ഭാഗത്തുകൂടിയാണ് തിരികെ പ്രവേശിക്കാൻ ശ്രമിച്ചത്. ആനമതിൽ കടന്ന് എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വനംവകുപ്പ് വാച്ചർമാരെ കാവൽ നിർത്തിയിരുന്നു. കഴിഞ്ഞ രാത്രിയാണ് വനത്തിനുള്ളിൽനിന്നും ആന ജനവാസമേഖലയിലേക്ക് കടക്കാൻ ശ്രമിച്ചത്. വനപാലക സംഘം പടക്കം പൊട്ടിച്ചും മറ്റും വനത്തിലേക്കുതന്നെ അവയെ തുരത്തി.
ഫാം മേഖലയിൽ കശുവണ്ടി ശേഖരണം ഉൾപ്പെടെ എല്ലാം പ്രവൃത്തികളും നിർത്തിവെപ്പിച്ചാണ് ആനയെ തുരത്തിയത്. അധികദിവസം കശുവണ്ടി ശേഖരിക്കാതിരിക്കുന്നതു മൂലം വൻ ഉൽപാദനനഷ്ടം ഉണ്ടാകും എന്ന വിലയിരുത്തലും ഉണ്ടായി.