കണ്ണൂർ: പാരന്പര്യമായി എൽഡിഎഫ് അല്ലെങ്കിൽ യുഡിഎഫ് എന്ന രീതി മാറി കേരളത്തിൽ പുതിയ ശക്തി കൂടി ഉയർന്നുവരുന്നുണ്ടെന്നും അത് വളരെ ഗൗരവത്തോടെ കാണണമെന്നും കെ. സുധാകരൻ എംപി. യുഡിഎഫ് കണ്ണൂർ നിയോജക മണ്ഡലം സ്ഥാനാർഥി സതീശൻ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ സാധു കല്യാണ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 43 നിയോജക മണ്ഡലങ്ങളിൽ പുതിയ രാഷ്ട്രീയ ശക്തി രണ്ടാം സ്ഥാനത്തുണ്ട്. മുൻകാലങ്ങളിൽ യുഡിഎഫിന് ഒരു രാഷ്ട്രീയശത്രുവിനെ മാത്രമാണ് നേരിടേണ്ടിവന്നതെങ്കിൽ ഇന്ന് രണ്ട് ശത്രുക്കളെ നേരിടേണ്ട അവസ്ഥയാണ്. യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തിൽ മാറ്റമുണ്ടാകും.
പിണറായി വിജയൻ ജനങ്ങളുടെ മുഖത്ത് നോക്കി കള്ളം പറയുകയാണ്. ഒൻപത് കേന്ദ്ര ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്പടിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ വിജയം താത്കാലികമാണെന്നും കോവിഡ് നൽകിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഖത്തർ കെഎംസിസി സതീശൻ പാച്ചേനിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. മുസ്ലിം ലീഗ് നേതാവ് താഹിർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി സതീശൻ പാച്ചേനി, മേയർ ടി.ഒ. മോഹനൻ, സജീവ് മാറോളി, വി.എ. നാരായണൻ, ഘടകകക്ഷി നേതാക്കളായ വി.കെ. അബ്ദുൾ ഖാദർ മൗലവി, സി. സുനിൽ കുമാർ, പി. മനോജ്, പി. കുഞ്ഞിമുഹമ്മദ്, മാർട്ടിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
previous post