ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് വനംവകുപ്പിന്റെയും ആറളം ഫാം ജീവനക്കാരുടെയും നേതൃത്വത്തിൽ സംയുക്തനീക്കം നടത്തും. 14ന് രാവിലെ മുതലാണ് കാട്ടാനകളെ തുരത്തുന്ന നടപടികൾ ആരംഭിക്കുക.
ആറളം, കൊട്ടിയൂർ, കണ്ണവം റേഞ്ചുകളിലെ 30 ഓളം വനപാലകരും ആറളം ഫാമിലെ പത്തോളം തൊഴിലാളികളും ഇതിൽ പങ്കാളികളാകും. ഫാമിലെ കൃഷിയിടത്തിൽ 15 ആനകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ രണ്ട് കുട്ടിയാന ഉൾപ്പെടുന്ന സംഘവുമുണ്ട്. കുട്ടിയാനയുള്ളതിനാൽ ആനക്കൂട്ടം അക്രമകാരികളാകാനുള്ള സാധ്യത കണക്കിലെടുത്ത് മേഖലയിൽ കനത്ത സുരക്ഷാസംവിധാനം ഒരുക്കും.
ഫാം മേഖലയിൽ കശുവണ്ടി ശേഖരണമുൾപ്പെടെ എല്ലാം പ്രവൃത്തികളും നിർത്തിവയ്ക്കും. ഫാമിനകത്തുകൂടി പോകുന്ന കക്കുവ-പാലപ്പുഴ റോഡ് അടച്ചിടും. നിരവധി വാഹനങ്ങളും യാത്രക്കാരും പോകുന്ന റോഡിലൂടെ വേണം ആനക്കൂട്ടത്തെ വനമേഖലയിലേക്ക് കടത്തിവിടാൻ. പുനരധിവാസ മേഖലയിലേക്കുള്ള മുഴുവൻ റോഡുകളും നിരീക്ഷിക്കും. ആളുകൾ പുറത്തിറങ്ങാതിരിക്കാൻ വനംവകുപ്പ് വാഹനത്തിൽ അനൗൺസ്മെന്റും നടത്തും. പുനരധിവാസ മേഖലയിലെ വിവിധ വീടുകൾക്ക് സമീപത്തുകൂടിയാണ് ആനക്കൂട്ടത്തെ കടത്തിവിടേണ്ടത്.
ഞായറാഴ്ച രാവിലെ 6.30ന് തുടങ്ങുന്ന തുരത്തൽ പൂർത്തിയായില്ലെങ്കിൽ അടുത്തദിവസവും തുടരും. ഫാമിലെ ഒന്ന്, രണ്ട്, നാല് ബ്ലോക്കുകളിലാണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. അവിടെനിന്നും കിലോമീറ്ററുകൾ തുരത്തി വേണം വനാതിർത്തിയിൽ എത്തിക്കാൻ. ആനക്കൂട്ടം ആനമതിൽ തകർത്ത ഭാഗത്തുകൂടിയാണ് വനത്തിലേക്ക് തുരത്തുക. നേരത്തെ ഇത്തരത്തിൽ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഏറെ ശ്രമത്തിനൊടുവിൽ വനത്തിനുള്ളിലേക്ക് കടത്തിവിടുന്ന ആനക്കൂട്ടം ഒന്നോ രണ്ടോ ദിവസം വനത്തിൽ നിന്നശേഷം വീണ്ടും കൃഷിയിടത്തിലേക്കുതന്നെ തിരിച്ചെത്തുകയാണ് പതിവ്. വനത്തിനുള്ളിൽ അനുഭവപ്പെടുന്ന ഭക്ഷണക്ഷാമവും ജലലഭ്യതയുടെ കുറവുമാണ് ജനവാസകേന്ദ്രത്തിലേക്ക് എത്താൻ ആനകളെ പ്രേരിപ്പിക്കുന്നത്.