മട്ടന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിവരുന്ന സംഘത്തെ നാട്ടുകാരും പോലീസും ചേർന്നു സാഹസികമായി പിടികൂടി. ചാവശേരിയിൽ ക്ഷേത്രം കുത്തിത്തുറന്നു കവർച്ച നടത്തുന്നതിനിടെയാണ് പോലീസിന്റെ ഉറക്കം കെടുത്തിയ രണ്ടുപേരെ പിടികൂടിയത്. ഉളിയിലിൽ വാടകവീട്ടിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുദേവൻ (65), കൂത്തുപറമ്പ് പാട്യം പത്തായക്കുന്ന് സ്വദേശി ഋത്വിക് (19) എന്നിവരെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലർച്ചെ രണ്ടോടെ ചാവശേരി ശിവവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചു പണം കവർന്നശേഷം ശ്രീകോവിലിന്റെ വാതിൽ തുറന്ന് അകത്തുകയറി സ്വർണത്തിന്റെ നാഗരൂപവും ചന്ദ്രക്കൊലയും കവർന്നു.
ചെമ്പിന്റെ ആൾരൂപം ക്ഷേത്രക്കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെയാണ് പോലീസും നാട്ടുകാരും ചേർന്നു മോഷ്ടാക്കളെ പിടികൂടിയത്.
മണ്ണോറയിലെ മഹാദളം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും പോർക്കലി ഭഗവതി ക്ഷേത്രത്തിലും ഇവർ മോഷണം നടത്തി. മഹാദളം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണത്താലിയും ശ്രീകോവിലിനുള്ളിലെയും മുന്നിലെയും ഭണ്ഡാരം പൊളിച്ചും പണം കവർന്നു.
പോർക്കലി ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ തുറക്കുകയും റോഡരികിലെ ഭണ്ഡാരം പൊളിച്ചുമാണ് കവർച്ച നടത്തിയത്. ഈ രണ്ടു ക്ഷേത്രങ്ങളിലും കവർച്ച നടത്തി വിഷ്ണു ക്ഷേത്രത്തിലെത്തി കവർച്ച നടത്തുന്നതിനിടെയാണ് പിടിയിലായത്. തമിഴ്നാട് രജിസ്ട്രേഷൻ നമ്പറിലുള്ള സ്കൂട്ടറിലെത്തിയ മോഷ്ടാക്കളെ നാട്ടുകാരും പോലീസും പിന്തുടർന്നാണ് പിടികൂടിയത്. ഭണ്ഡാരം പൊളിക്കാൻ ഉപയോഗിച്ച കമ്പി ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
ഈ മാസം 20 ദിവസത്തിനുള്ളിൽ മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ മൂന്നു ക്ഷേത്രങ്ങളിലും അഞ്ചു കടകളിലും കവർച്ച നടന്നിരുന്നു. ഇതിനുപുറമെ ഒരു മാസം മുമ്പ് ചാവശേരിയിൽ ലോറിഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുക്കുകയും വളോരയിലെ കടയിൽനിന്ന് ഒരുലക്ഷം രൂപ വിലവരുന്ന കുരുമുളകും കവർന്നിരുന്നു.
മഫ്ടിയിലെത്തിയ പോലീസും നാട്ടുകാരും ഉറക്കമൊഴിഞ്ഞു ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിനടുത്ത് കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടറിലെത്തിയ പ്രതികൾ സ്കൂട്ടർ റോഡരികിൽ നിർത്തി ക്ഷേത്രത്തിലേക്ക് കയറുന്നതു ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ പോയ നാട്ടുകാരും പോലീസും ക്ഷേത്രം വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. ബാഗിൽ പൂട്ടു പൊളിക്കാനുള്ള ആയുധവുമായാണ് ഇവർ രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നത്. ക്ഷേത്രക്കവർച്ചയാണ് ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു.
മുമ്പ് മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നാലു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയതിന് ഇവർക്കെതിരേ കേസുള്ളതായി പോലീസ് അറിയിച്ചു. രണ്ടു മാസം മുമ്പ് തില്ലങ്കേരി പഞ്ചായത്തിലെ പടിക്കച്ചാൽ, കാരക്കുന്ന്, പള്ള്യം ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയതിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്ര
തികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.