കണ്ണൂര്‍: ജനങ്ങളെ അണിനിരത്തി ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പ്രസ്താവനയില്‍ പറഞ്ഞു. ജനശക്തിക്ക് മുന്നില്‍ കൊലയാളികള്‍ക്ക് മുട്ടുമടക്കേണ്ടി വരും. ഹരിദാസന്റെ കൊലപാതകം പൈശാചികവും ക്രൂരവുമാണ്. കാല് അറുത്തുമാറ്റി.
ഇങ്ങനെയൊരു കൊലപാതകം നടത്താനുള്ള സംഘര്‍ഷം തലശേരിയിലോ പുന്നോലിലോ ഉണ്ടായിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാട്ടിലാകെ സമാധാനമുണ്ട്. അതില്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഹരിദാസന്റെ കൊലപാതകം. ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്തതാണിത്.
ജനങ്ങളില്‍നിന്ന് ഒറ്റപ്പെടാന്‍ തുടങ്ങിയതോടെ ബിജെപി അക്രമത്തിന്റെ പാത വീണ്ടും തെരഞ്ഞെടുത്തു. തലശേരി നഗരസഭ കൗണ്‍സിലറും ബിജെപി മണ്ഡലം നേതാവുമായ വ്യക്തി ഒരാഴ്ച മുമ്പ് സിപിഎമ്മിന്റെ രണ്ടു പേരെ കൈകാര്യം ചെയ്യാന്‍ നമുക്ക് കഴിയുമെന്ന് പ്രസംഗിച്ചിരുന്നു.
അതാണ് കൊലയിലേക്ക് നയിച്ചത്. പരിശീലനം ലഭിച്ചവരാണ് കൊല നടത്തിയതെന്നും ജയരാജന് പറഞ്ഞു.