കണ്ണൂർ: കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി എം.വി. ഗോവിന്ദന് രാവിലെ ഒൻപതിന് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്വാതന്ത്ര്യദിന പരേഡ് നടക്കുകയെന്ന് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പ്രവേശനം ഉണ്ടാകില്ല.
പ്രത്യേക ക്ഷണിതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. പരേഡില്‍ അഞ്ചു പ്ലാറ്റൂണുകള്‍ പങ്കെടുക്കും. മാര്‍ച്ച് പാസ്റ്റ് ഉണ്ടായിരിക്കുന്നതല്ല. പോലീസിന്റെ രണ്ടും എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നിവരുടെ ഓരോ പ്ലാറ്റൂണുകളുമാണ് പരേഡില്‍ പങ്കെടുക്കുക.