കണ്ണൂർ: ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി വിദ്യാർഥികൾക്ക് അശ്ലീല സന്ദേശം അയക്കുകയോ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയോ ചെയ്യുന്നവരെ പോക്സോ കേസിൽ ഉൾപ്പെടുത്താൻ നീക്കവുമായി പോലീസ്.
18 വയസിൽ താഴെയുള്ളവർക്ക് ഇത്തരം സന്ദേശങ്ങൾ അയച്ചാൽ സ്വാഭാവികമായും പോക്സോ കേസെടുക്കാൻ സാധിക്കും. ഇതുതന്നെ ക്ലാസ് റൂമുകളിൽ നുഴഞ്ഞുകയറുന്നവർക്കെതിരേ പ്രയോഗിക്കാനാണ് പോലീസിന്റെ നീക്കം. ഇത്തരം കാര്യങ്ങൾ സംഭവിച്ചാൽ വിദ്യാർഥികളോ അധ്യാപകരോ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ തയാറാകണം.
എങ്കിൽ മാത്രമേ കേസെടുക്കാൻ സാധിക്കുകയുള്ളൂ. ഓൺലൈൻ ക്ലാസുകളിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറി അശ്ലീല സംഭാഷണങ്ങൾ നടത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ 51 പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ എട്ടു കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയാണ്.