കൊട്ടിയൂർ: പ്രളയത്തിൽ തകർന്ന പാൽച്ചുരം പാത മൂന്നാം വർഷവും പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ തകർന്ന ഭാഗങ്ങളിലെ മുളവേലികൾക്കരികിൽ മനുഷ്യവേലി തീർത്ത് പ്രതിഷേധിക്കുന്നു. കെസിവൈഎം പേരാവൂർ, ചുങ്കക്കുന്ന് മേഖലകളുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 11 നാണ് പ്രതിഷേധം. പുനർനിർമാണം നടത്താത്തതിനാൽ യാത്രക്കാരടക്കം ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. മലയോരമേഖലയിലെ യുവജനങ്ങളടക്കമുള്ളവർ പഠനത്തിനും ജോലിക്കുമായി ഏറെ ആശ്രയിക്കുന്ന റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കെസിവൈഎം ഭാരവാഹികൾ പറഞ്ഞു.
എല്ലാവർഷവും ചുരം ഇടിയുന്ന അവസ്ഥയ്ക്കും ആഴ്ചതോറും വാഹനങ്ങൾ കുടുങ്ങി ഗതാഗതം മുടങ്ങുന്നതിനും പരിഹാരമുണ്ടാകണം. പത്തു കോടി രൂപയുടെ പദ്ധതിനിർദേശമുണ്ടായിട്ടും സമഗ്ര പുനർനിർമാണം നടത്താതെ അറ്റകുറ്റപ്പണികൾ നടത്തുന്ന പൊതുമരാമത്ത് വകുപ്പ് നിലപാടുകൾക്കുമെതിരേയാണ് സമരമെന്നും ഭാരവാഹികൾ പറഞ്ഞു. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് വിപിൻ ജോസഫ് മാറുകാട്ടുകുന്നേൽ, മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ, ഡെറിൻ കൊട്ടാരത്തിൽ, അഖിൽ എടത്താഴെ, ജിബിൻ തയ്യിൽ, വിമൽ കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകും.
previous post