27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജൂണ്‍ അവസാനത്തോടെ അഴീക്കലില്‍ ചരക്കു കപ്പലെത്തും: തുറമുഖ വകുപ്പ് മന്ത്രി
kannur

ജൂണ്‍ അവസാനത്തോടെ അഴീക്കലില്‍ ചരക്കു കപ്പലെത്തും: തുറമുഖ വകുപ്പ് മന്ത്രി

ജൂണ്‍ അവസാനത്തോടെ അഴീക്കല്‍ തുറമുഖത്ത് ചരക്കു കപ്പല്‍ എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. അഴീക്കല്‍ പോര്‍ട്ട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 20ന് കൊച്ചിയിലെത്തുന്ന കപ്പലാണ് അവിടെ നിന്ന് ബേപ്പൂര്‍ വഴി അഴീക്കലിലെത്തുക. അഴീക്കലിലേക്ക് ചരക്ക് സര്‍വീസ് നടത്തുന്നതിന് താല്‍പര്യമറിയിച്ച് അഞ്ച് കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അവരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ചരക്കുകപ്പലും തുടര്‍ന്ന് യാത്രാ കപ്പലും അഴീക്കലില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. മികച്ച അന്താരാഷ്ട്ര തുറമുഖമായി അഴീക്കലിനെ മാറ്റിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി കഴിഞ്ഞ സര്‍ക്കാര്‍ 3600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി കാരണം അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അല്‍പം മന്ദഗതിയിലാണെങ്കിലും അവ കൂടുതല്‍ സജീവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ വികസനത്തിനാവശ്യമായ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ഒരു മാസത്തിനകം അഴീക്കലില്‍ കസ്റ്റംസ് ഓഫീസ് സ്ഥാപിക്കും. എമിഗ്രേഷന്‍ ഓഫീസ് തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
നിലവില്‍ ഡ്രഡ്ജിംഗ് ചെയ്ത മണല്‍ കടലിലേക്ക് തന്നെ തള്ളുന്നതിനാല്‍ അവ വീണ്ടും ബാര്‍ജില്‍ തിരികെയെത്തുന്ന പ്രശ്നം നിലവിലുണ്ട്. അത് പരിഹരിക്കുന്നതിന് നീക്കം ചെയ്യുന്ന മണല്‍ കരയിലേക്ക് മാറ്റാനും അനുയോജ്യമായ സ്ഥലത്ത് സൂക്ഷിക്കുന്നതിനുമുള്ള സാധ്യതകള്‍ ആരായണമെന്നും മന്ത്രി പറഞ്ഞു. കടലില്‍ നിന്നെടുക്കുന്ന മണല്‍ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്ന കാര്യം പഞ്ചായത്തുമായി സംസാരിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ വേഗത്തില്‍ തന്നെ തീരുമാനമെടുക്കും. ഡ്രഡ്ജിംഗ് യന്ത്രത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതിനായി മുംബൈയില്‍ നിന്ന് ടെക്നീഷ്യന്‍മാരെ എത്തിച്ചതായും അദ്ദേഹം അറിയിച്ചു.
തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോസ്ഥരുടെയും യോഗവും അഴീക്കലില്‍ നടന്നു. യോഗത്തില്‍ കെ വി സുമേഷ് എംഎല്‍എ അധ്യക്ഷനായി. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, മുന്‍ എംഎല്‍എ എം പ്രകാശന്‍ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ അജീഷ് (അഴീക്കോട്), എ വി സുശീല (പാപ്പിനിശ്ശേരി), പി പി ഷമീമ (വളപട്ടണം), കെ ഫാരിഷ (മാട്ടൂല്‍), എഡിഎം ഇ പി മേഴ്സി, കേരള മാരിടൈം ബോര്‍ഡ് സിഇഒ ടി പി സലീം കുമാര്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രദീഷ് കെ ജി നായര്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പി അനിത, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ എം വി ഷാജി, അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ പി ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 230 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു…………

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 919 പേര്‍ക്ക് കൂടി കൊവിഡ് ; 897 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ഒറ്റത്തവണ പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox