കണ്ണൂര്‍: ഇന്ത്യയിലെ ദ്വീപ് സമൂഹങ്ങളില്‍ ഏറ്റവും ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന ലക്ഷദ്വീപില്‍ കുത്തകകള്‍ക്ക് പരവതാനി വിരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന ലക്ഷദ്വീപ് സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായുള്ള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു പാച്ചേനി.
കണ്ണൂരിലെ അറയ്ക്കല്‍ രാജവംശവുമായി സാംസ്കാരികമായും വാണിജ്യപരമായും ബന്ധമുള്ള ലക്ഷദ്വീപുമായി ജില്ലയ്ക്ക് അയല്വക്ക ബന്ധമുണ്ടെന്നും ദ്വീപിനെ അശാന്തിയുടെ സ്ഥലമായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ കെപിസിസി നിര്‍വാഹകസമിതി അംഗം കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ മാര്ട്ടിന് ജോര്‍ജ്, കൂക്കിരി രാഗേഷ്, എം.പി. രാജേഷ്, കെ.അമര്‍നാഥ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ജില്ലയിൽ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടത്തി.
previous post