കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പയ്യാവൂര്‍ സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. വനിതകള്‍ കുടുംബത്തിന്റെ വിളക്കും സമൂഹത്തിന്റെ മാര്ഗദീപവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ ഫാ. ബിബിന്‍ കുന്നേല്‍ ക്ലാസ് നയിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യര്‍ അധ്യക്ഷത വഹിച്ചു. മടമ്പം മേഖലയില്‍ ആതുരശുശ്രൂഷ, സാമൂഹിക സേവനം, പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചുവരുന്ന സിസ്റ്റര്‍ ഡോ. മേരി കളപ്പുരയ്ക്കല്‍, സിസ്റ്റര്‍ അന്നമ്മ തൊണ്ണംകുഴിയില്‍ എന്നിവരെ പുരസ്കാരങ്ങള്‍ നല്കി മാര്‍ ജോസഫ് പണ്ടാരശേരില്‍ ആദരിച്ചു.
പയ്യാവൂര്‍ മേഴ്സി ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ഫാ. സുനില്‍ പാറക്കല്‍ വനിതാ ദിന സന്ദേശം നല്കി. സൊസൈറ്റി സെക്രട്ടറി ഫാ. ബിബിന്‍ തോമസ് കണ്ടോത്ത്, ഫാ. ജയ്സണ്‍ പള്ളിക്കര, സിസ്റ്റര്‍ മോളി പയറ്റുകാലായില്‍, സിസ്റ്റര്‍ അന്നമ്മ തൊണ്ണംകുഴിയില്‍, ശ്രീകണ്ഠാപുരം നഗരസഭാ കൗണ്‍സിലര്‍ ആലീസ് ജയിംസ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ സിനി സന്തോഷ്, ഫാ. സിബിന് കൂട്ടകല്ലുങ്കല്‍ എന്നിവർ പ്രസംഗിച്ചു.
മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സഹായവിതരണവും നടത്തി. ജില്ലയിലെ വനിതാ സ്വാശ്രയ സംഘം അംഗങ്ങള്‍ക്ക് വരുമാന പദ്ധതി ധനസഹായമായി നല്കുന്ന 50 ലക്ഷം രൂപയുടെ വായ്പ വിതരണം, കിണര്‍ റീചാര്‍ജിംഗ് പദ്ധതി, പ്ലാറ്റിനം സ്റ്റാര്‍സ് വര്‍ക്ക് ബുക്ക് പ്രകാശനം എന്നിവ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു. ഗോത്ര വര്‍ഗ വികസന പദ്ധതി യന്ത്രവിതരണം, സംയോജിത കാര്‍ഷിക മൃഗസംരക്ഷണ പരിപാലന പദ്ധതി എന്നിവയുടെ ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാജു സേവ്യര്‍ നിര്‍വഹിച്ചു. സാമൂഹിക അധിഷ്ഠിത പുനരുദ്ധാരണ പദ്ധതി ധനസഹായവിതരണം ഫാ. ജയ്സണ്‍ പള്ളിക്കരയും മാസ് നടപ്പിലാക്കിയ കുടുംബത്തോടൊപ്പം മരം വച്ചുപിടിപ്പിക്കല്‍ ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനം ഫാ. സുനില്‍ പാറക്കല്‍ എന്നിവര്‍ നിര്‍വഹിച്ചു.മാസ് സ്റ്റാഫംഗങ്ങളായ ഏബ്രാഹം ഉള്ളടപ്പുള്ളില്‍, റെനി സിബി എന്നിവര്‍ നേതൃത്വം നല്കി. 250 വനിതകള്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.
previous post