പയ്യാവൂർ: കോവിഡ് വ്യാപനം വീണ്ടും തീവ്രമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശാനുസരണം പയ്യാവൂർ ഊട്ടുത്സവം ചടങ്ങുകളായി മാത്രമേ നടത്തുകയുള്ളൂവെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ സി.വി. ഗിരീഷ് കുമാർ അറിയിച്ചു. തിടമ്പ് നൃത്തം ഉണ്ടാവില്ല. കാഴ്ചവരവ്, നെയ്യമൃത് സംഘം എന്നിവർക്ക് ദേവസ്വം നേരത്തെ നിർദേശം നൽകിയ എണ്ണത്തിൽ പരിമിതപ്പെടുത്തണം.
ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന ചടങ്ങുകൾക്ക് സർക്കാർ നിർദ്ദേശപ്രകാരം പരിമിതപ്പെടുത്തിയ എണ്ണം ഭക്തജനങ്ങളെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളൂ. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾ ദർശനം നടത്തിയ ഉടനെ മടങ്ങണമെന്നും 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ലെന്നും ക്ഷേത്രം എക്സികുട്ടീവ് ഓഫീസർ അറിയിച്ചു.