23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കോളനി എന്ന പദം ഇല്ലാതാവുന്ന ദിവസം വരും: മന്ത്രി കെ രാധാകൃഷ്ണൻ
kannur

കോളനി എന്ന പദം ഇല്ലാതാവുന്ന ദിവസം വരും: മന്ത്രി കെ രാധാകൃഷ്ണൻ

അടിമത്തിൻ്റെ അടയാളമായ കോളനി എന്ന പദം ഇല്ലാതാവുന്ന ദിവസം വരുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. അംബേദ്കർ ഗ്രാമം പദ്ധതിയിൽ മയ്യിൽ ഗ്രാമപഞ്ചായത്തിലെ കോറളായി തുരുത്തിൽ ഒരു കോടി രൂപയുടെ വികസന പ്രവൃത്തികളുടെ പൂർത്തീകരണത്തിന്റെ ഉദ്ഘാടനവും, തളിപ്പറമ്പ് നഗരസഭയിലെ കുറ്റിക്കോൽ, പരിയാരം ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പറമ്പ് കോളനികളുടെ അംബേദ്കർ ഗ്രാമം പദ്ധതിയിലെ നിർമാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പാക്കിയ അടിമത്ത ഭരണത്തിൻ്റെ പ്രതീകമാണ് കോളനികൾ. ആ പദം ഉപയോഗിക്കുന്ന രീതി മാറണം. അങ്ങനെ ഒരു ദിവസം വരും. എല്ലാ മനുഷ്യരും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. കോളനി പ്രദേശങ്ങളിലെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ അത്തരം ഏജൻസികൾ മാറ്റത്തിനു വിധേയമാകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ പാവപ്പെട്ടവരുടെ ജീവിതം ഏറെ മെച്ചപ്പെട്ടു. പൊതു സമൂഹത്തിൻ്റെ വളർച്ചക്കൊപ്പം എത്തുകയാണ് പ്രധാനം. കേരളം ഏറ്റവും മികച്ച മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ഒരു കോടി രൂപ ചെലവിലാണ് അംബേദ്കർ ഗ്രാമം പദ്ധതി നടപ്പാക്കിയത്. സാംസ്കാരിക നിലയം നവീകരണവും അനുബന്ധ സൗകര്യങ്ങളും റോഡ് ഉൾപ്പെടെയുള്ള ശ്മശാന നവീകരണം, സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിനുള്ള പ്രവർത്തന വസ്തുക്കൾ വാങ്ങൽ, 16 വീടുകളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെട്ടതാണ് പ്രവൃത്തി. മൂന്ന് നിലകളിലായി 3000 ചതുരശ്ര മീറ്ററിൽ പണിത സാംസ്കാരിക നിലയത്തിൻ്റെ താഴത്തെ നിലയിൽ 75 പേർക്കിരിക്കാവുന്ന മിനി കോൺഫറൻസ് ഹാൾ, ഒന്നാം നിലയിൽ ഇൻ്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ സേവന കേന്ദ്രം, ലൈബ്രറി സൗകര്യം, രണ്ടാം നിലയിൽ സ്വയം തൊഴിൽ പരിശീലന കേന്ദ്രം എന്നിവയാണ് ഒരുക്കിയത്. നിർമിതി കേന്ദ്രയാണ് നിർവഹണ ഏജൻസി.

കോറളായി തുരുത്തിൽ നടന്ന പരിപാടിയിൽ എംവി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ്, പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ, ഇരിക്കൂർ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ കെ പി രേഷ്മ, മയ്യിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷരായ രവി മാസ്റ്റർ, വി വി അനിത, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ വി രവിരാജ് തുടങ്ങിയവർ സംസാരിച്ചു. നിർമിതി കേന്ദ്ര പ്രൊജക്ട് മാനേജർ കെ സജിത് പ്രൊജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.

Related posts

മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടത്ത് പ്രചാരണത്തിനിറങ്ങും………….

Aswathi Kottiyoor

സു​ര​ക്ഷാ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​രം

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
WordPress Image Lightbox