27 C
Iritty, IN
May 9, 2024
  • Home
  • Uncategorized
  • വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണാം, ലൈറ്റ് ഇട്ടാലും പകർത്തും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Uncategorized

വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണാം, ലൈറ്റ് ഇട്ടാലും പകർത്തും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മോട്ടർ വാഹനവകുപ്പിന്റെ എഐ (നിർമിതബുദ്ധി) ക്യാമറകളെ കബളിപ്പിക്കാൻ ശ്രമിക്കരുത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

എസ്എംഎസ്

നിയമ ലംഘനം ഉണ്ടായാൽ‌ ഉടൻ അക്കാര്യം എസ്എംഎസ് ആയി ലഭിക്കില്ല. ഈ ചിത്രം കൺട്രോൾ റൂമിൽ വിശകലനം ചെയ്ത് കുറ്റമാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ എസ്എംഎസ് അയയ്ക്കൂ. രാത്രി നടക്കുന്ന നിയമ ലംഘനമാണെങ്കിൽ രാവിലെ 10ന് ഓഫിസ് തുറന്ന ശേഷമാണു ചിത്രം വിശകലനം ചെയ്യുക. അതായത്, ഇതിനിടെ ഏതൊക്കെ ക്യാമറകൾക്കു താഴെക്കൂടി പോകുന്നോ അവിടെ നിന്നെല്ലാം പിഴ ചുമത്തപ്പെടാം. ഓഫിസ് സമയത്താണെങ്കിൽ തന്നെ 10– 15 മിനിറ്റ് എടുക്കും എസ്എംഎസ് അയയ്ക്കാൻ. ഡ്രൈവിങ്ങിനിടെ ഈ എസ്എംഎസ് പരിശോധിക്കാൻ‌ മൊബൈൽ എടുത്താൽ‌ അതിനു വേറെ പിഴ കിട്ടിയേക്കാം.

എന്തിന് വിശകലനം

നിർമിത ബുദ്ധി ക്യാമറകൾ കണ്ടെത്തുന്നതെല്ലാം ചിലപ്പോൾ പിഴവായിക്കൊള്ളണമെന്നില്ല. അക്കാര്യം ഉറപ്പുവരുത്താനാണു ചിത്രങ്ങൾ വിശകലനം ചെയ്യുന്നത്. ഉദാഹരണത്തിന്, രണ്ടു കയ്യും സ്റ്റിയറിങ്ങിൽ ഉണ്ടായിരിക്കണം എന്നതാണു നിർമിത ബുദ്ധി മനസ്സിലാക്കിയിരിക്കുന്നത് എന്നതിനാൽ, ഒരു കൈ മാത്രം സ്റ്റിയറിങ്ങിൽ വച്ചുള്ള ഡ്രൈവിങ്ങിന്റെ പടം ക്യാമറ പിടിച്ചെടുക്കും. എന്നാൽ, മറ്റേ കയ്യിൽ ഫോൺ ഇല്ലെന്ന് വിശകലനത്തിൽ വ്യക്തമായാൽ പിഴ ചുമത്തില്ല. ഇങ്ങനെ വിശകലനത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾ കൂടി ചേർത്ത് നിർമിത ബുദ്ധിയെ പിന്നീട് പരിഷ്കരിക്കും.

അതിബുദ്ധി കാണിക്കല്ലേ

അമിത വേഗം പിടികൂടാനുള്ള ക്യാമറകളിൽ നമ്പർ പ്ലേറ്റ് മാത്രമാണു തെളിച്ചത്തോടെ ദൃശ്യമായിരുന്നത്. പുതിയ എഐ ക്യാമറകൾ ഇൻഫ്രാ റെഡ് ഉപയോഗിച്ച് വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണുന്നു. സീറ്റ് ബെൽറ്റ് ഇടാത്തതിനും മൊബൈൽ ഫോൺ ഉപയോഗത്തിനും പിഴ ചുമത്താൻ സാധിക്കുന്നത് അതിനാലാണ്. വാഹനത്തിനകത്തു ലൈറ്റ് ഇട്ടാൽ ക്യാമറയ്ക്ക് ദൃശ്യം പകർത്താൻ കഴിയാതെ വരുമെന്ന് വിചാരിക്കേണ്ട. കിട്ടുന്ന ഏതു ദൃശ്യവും പല വിധത്തിൽ തെളിച്ചം കൂട്ടിയും കുറച്ചും കാണാൻ സംവിധാനമുണ്ട്.

കുട്ടി ഹെൽമറ്റ്

ചെറിയ കുട്ടികൾക്ക് അവർക്ക് പാകമായ ഹെൽമറ്റ് തന്നെ വയ്ക്കാൻ ശ്രദ്ധിക്കണമെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ അഭ്യർഥന. വീട്ടിൽ ഇരിക്കുന്ന ഏതെങ്കിലും ഹെൽമറ്റ് എടുത്ത് കുട്ടികളുടെ തലയിൽ വച്ചാൽ ക്യാമറയെ പറ്റിക്കാമെങ്കിലും കുട്ടിക്ക് ഇത്തരം ഹെൽമറ്റുകൾ അപകടമുണ്ടാക്കാൻ സാധ്യത ഉണ്ട്.

സ്ഥലം മാറും

എഐ ക്യാമറ ഇല്ലാത്തിടത്ത് എന്തു നിയമ ലംഘനവും ആകാം എന്നു കരുതരുത്. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ കുറ്റകൃത്യങ്ങൾ കുറയുന്നതിനനുസരിച്ച് വേറെ സ്ഥലങ്ങളിലേക്കു മാറ്റും. നിയമലംഘനങ്ങൾ ഏറെ നടക്കാൻ സാധ്യതയുള്ള ഇടവഴികളിൽ പോലും ഭാവിയിൽ ക്യാമറകൾ ഇടം പിടിച്ചേക്കും.

Related posts

അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിച്ചു.

Aswathi Kottiyoor

അക്രഡിറ്റഡ് എഞ്ചിനീയര്‍,ഓവര്‍സിയര്‍ നിയമനം

Aswathi Kottiyoor

കനത്തമഴ, ക്യാമ്പുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox