തൃശൂർ: ടോൾ നൽകി യാത്രചെയ്യുന്ന ദേശീയപാതകളുടെ ഉപരിതലം 5 വർഷത്തിലൊരിക്കൽ പൂർണമായും പുതുക്കണമെന്നു കരാർ രേഖ. സംസ്ഥാനത്ത് ഒരിടത്തും ഈ പുതുക്കൽ നടത്താതെയാണു ടോൾ പിരിക്കുന്നത്. ഈ പുതുക്കൽ നടക്കാത്തതുകൊണ്ടാണു റോഡുകൾ തകരുന്നത്. കരാർ ലംഘനം വ്യക്തമായാൽ ടോൾ പിരിക്കൽ നിർത്താൻ നിർദേശം നൽകേണ്ടതാണ്.
പതിവ് അറ്റകുറ്റപ്പണികൾ ഏതാണെന്നു കരാറിൽ പ്രത്യേകം പറയുന്നുണ്ട്. അതിനു പുറമെയാണ് 5 വർഷത്തിലൊരിക്കൽ പൂർണമായും ഉപരിതലം പുതുക്കണമെന്നു പറയുന്നത്. തൃശൂർ – അങ്കമാലി പാതയിൽ പാലിയേക്കരയിൽ ടോൾ പിരിക്കാൻ തുടങ്ങിയതു 2012 ഫെബ്രുവരി രണ്ടിനാണ്. അതിനുശേഷം റോഡ് പുതുക്കിയിട്ടില്ല. കരാർ പ്രകാരം 2 തവണ റോഡ് പുതുക്കേണ്ട സമയം കഴിഞ്ഞു. ഇതിനു പുറമേ അതാതു സമയത്തു റോഡ് ശക്തിപ്പെടുത്തുകയും വേണം. ട്രാഫിക് അനുസരിച്ചാണു ശക്തിപ്പെടുത്തുന്നതിന്റെ തോത് തീരുമാനിക്കുന്നത്. ഇതു നിർണയിക്കേണ്ടതു ദേശീയപാത അതോറിറ്റിയാണ്.
5 വർഷത്തിലൊരിക്കൽ പൂർണമായും റോഡ് പുതുക്കി എന്നുറപ്പാക്കേണ്ടത് അതോറിറ്റി ഉദ്യോഗസ്ഥരാണ്. ചിലയിടങ്ങളിൽ ഘട്ടങ്ങളായി റോഡ് പുതുക്കിയിട്ടുണ്ട്. എന്നാൽ 500 മീറ്ററിൽ താഴെ ദൂരം റോഡ് പുതുക്കുന്നതു ശക്തിപ്പെടുത്തലിന്റെ ഭാഗമായാണു കണക്കാക്കുക. എല്ലാംകൂടി ചേർത്തു റോഡ് പുതുക്കിയെന്ന രേഖ നൽകുകയാണു ചെയ്തതെന്നാണു സൂചന.