കൊച്ചി∙ അമേരിക്കൻ സാമ്പത്തിക രംഗത്ത് മാന്ദ്യത്തിന്റെ മഴക്കാറ് രൂപപ്പെട്ടുതുടങ്ങിയതോടെ, ഇന്ത്യൻ ഐടി കമ്പനികൾ ഇവിടെ കരുതൽ നടപടികൾ തുടങ്ങി. രാജ്യത്തെ ഐടി ഇടപാടുകളുടെ 40% മുതൽ 78% വരെ അമേരിക്കയുമായിട്ടായതിനാൽ മിക്ക കമ്പനികളും ചെലവു ചുരുക്കൽ ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമാന്ദ്യം വന്നാൽ യുഎസ് കമ്പനികൾ ആദ്യം ചെലവു ചുരുക്കുന്നത് ഐടി പദ്ധതികളിലാവും എന്നതാണു കാരണം. രണ്ട് രീതിയിലാണ് ടെക്കികളെ ഇതു ബാധിക്കുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 1. തുടക്കക്കാരുടെ റിക്രൂട്ട്മെന്റ് കുറയാം. ചില കമ്പനികൾ ക്യാംപസ് റിക്രൂട്മെന്റ് നടത്തിയ ശേഷം ജോലിക്കു ചേരേണ്ട തീയതി അറിയിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് ഇതിന്റെ ഭാഗമാണ്. 2. കോവിഡ് കാലത്ത് വൻ ശമ്പളം നൽകി മറ്റു കമ്പനികളിൽ നിന്നു റാഞ്ചിയവരെ വേണ്ടാതാകുന്ന സ്ഥിതി വരാം. ചെലവ് കൂടിയവരെ ഒഴിവാക്കുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തേക്കാം.
യൂറോപ്പിലും മാന്ദ്യം വരുന്നുണ്ടെന്നാണ് വിലയിരുത്തൽ. വർഷാവസാനം അത് യാഥാർഥ്യമായേക്കും. മാന്ദ്യം മുന്നിൽ കണ്ട് ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരി മൂല്യത്തിൽ ഇടിവു നേരിട്ടിരുന്നു. കഴിഞ്ഞ വർഷം 10.4% വളർച്ചാ നിരക്ക് നേടിയ ഇന്ത്യൻ ഐടിക്ക് നടപ്പു വർഷം 6.7% വളർച്ച മാത്രമേ ഉണ്ടാവൂ എന്നാണു കണക്കാക്കുന്നത്. അമേരിക്കൻ മാന്ദ്യം മുന്നിൽകണ്ട് എല്ലാ കമ്പനികളും കരുതൽ ധനം വർധിപ്പിക്കുന്നുണ്ട്. ഐടി രംഗത്ത് ആകെ ചെലവിന്റെ 70% വരെ ടെക്കികളുടെ ചെലവാണ്. സ്വാഭാവികമായും അതു കുറയ്ക്കാനാണ് ശ്രമം. ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ ഇതിന്റെ ആഘാതം അനുഭവപ്പെട്ടു തുടങ്ങി. സ്റ്റാർട്ടപ്പുകളുടെ മൂല്യവും ഫണ്ടിങ്ങും കുറഞ്ഞു.