കണ്ണൂര്‍: കണ്ണൂർ ജില്ലാ പബ്ലിക് സർവീസ് കമ്മീഷൻ മേയ് 21 ന് പ്രസിദ്ധീകരിച്ച എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിൽ അത്ഭുതവും ആശങ്കയും. അടുത്തടുത്ത ആറ് നന്പറുകാർ വരെ റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയതാണ് ഉദ്യോഗാർഥികളെയടക്കം ആശങ്കയിലാക്കുകയും അതോടൊപ്പം അത്ഭുതപ്പെടുത്തുകയും ചെയ്യുന്നത്.
വിവിധ വകുപ്പുകളിലേക്ക് കാറ്റഗറി നന്പർ 207/2019 പ്രകാരം 19,000 -43,600 രൂപ ശന്പള സ്കെയിലിലേക്ക് നടന്ന എൽഡി ക്ലർക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റാണ് കൗതുകമാകുന്നത്. കണ്ണൂരില്‍ 1,05,555 പേരാണ് ഈ പരീക്ഷയെഴുതിയത്. ഇതിനായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ 392 കേന്ദ്രങ്ങളും സജ്ജമാക്കിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 181 സെന്ററുകളുണ്ടായിരുന്നു. 200 മുതല്‍ 600 ഉദ്യോഗാര്‍ഥികള്‍ വരെയുള്ള കേന്ദ്രങ്ങളും കണ്ണൂരിലുണ്ടായിരുന്നു.
ഈ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ അടുത്തടുത്ത നന്പറുകാർ പല സ്ഥലങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. നന്പർ 317303, 317305, 317306, 317307,317308, 317309 കൂടാതെ 317042, 317044, 317045 നന്പറുകാരും 317148, 317149 എന്നീ നന്പറുകാരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അപൂർവമായി ഒന്നു രണ്ടും പേർ ഇങ്ങനെ വരാറുണ്ടെങ്കിലും അടുത്ത നന്പറുകാരായ ആറുപേർ വന്നത് അപൂർമാണെന്ന് പിഎസ് സി അധികൃതരും സമ്മതിക്കുന്നു.
ഇത്തരത്തിൽ അടുത്ത നന്പറുകാർ റാങ്ക് ലിസ്റ്റിൽ വന്നതിന്റെ പേരിൽ യോഗ്യരായവരുടെ അവസരം നഷ്ടപ്പെടുത്തരുതെന്ന വാദം ശക്തമാണ്. പഠിച്ചു പരീക്ഷയെഴുതിയവർ തന്നെയാണ് ഇത്തരത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതെങ്കിൽ തൊട്ടടുത്ത നന്പറുകാർ ആയതിന്റെ പേരിൽ ഇവരുടെ അവസരം ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല. ഈ റാങ്ക് ലിസ്റ്റിൽ തന്നെ പലയിടത്തും തൊട്ടടുത്ത രണ്ട് നന്പറുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവും അത്ഭുതപ്പെടുത്തുന്നത് അടുത്ത ആറ് നന്പറുകാർ റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയതാണ്.
ഇക്കാര്യത്തിൽ ഉയർന്നുവരുന്ന സംശയത്തിൽ വ്യക്തത വരുത്താനും സർക്കാർ ജോലി എന്ന സ്വപ്നവുമായി കഠിനാധ്വാനം ചെയ്യുന്ന ഉദ്യോഗാർഥികളുടെ ആശങ്കയകറ്റാനും കേരള പബ്ലിക് സർവീസ് കമ്മീഷൻ തയാറാകണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.