22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • പൂച്ചട്ടികൾ തുണിയിലും
kannur

പൂച്ചട്ടികൾ തുണിയിലും

പ്ലാസ്‌റ്റിക്കിനോട്‌ വിടപറഞ്ഞ്‌ തുണിച്ചട്ടികളെ കൂട്ടുപിടിക്കുകയാണ്‌ ഏഴോത്തെ വനിതകൾ. കൈത്തറി, ഖാദി തുണികൾകൊണ്ട്‌ ആകർഷകമായ ഡിസൈനിലുള്ള പൂച്ചട്ടികൾക്കായി ചെങ്ങൽത്തടത്തെ ‘ഒരുമ’ സംരംഭക യൂണിറ്റിലെത്തൂ.
രണ്ട്‌ മാസം പൂർത്തിയാകുമ്പോഴേക്കും അഞ്ഞൂറോളം പൂച്ചട്ടികൾ സംഘം വിറ്റുകഴിഞ്ഞു. കട്ടിയുള്ള ഖാദി, കൈത്തറി തുണി മുറിച്ചെടുത്ത് സിമന്റ് ഗ്രൗട്ടിൽ മുക്കിയെടുത്ത് ഡിസൈൻ ചെയ്താണ് പൂച്ചട്ടി നിർമാണം. കനം കുറഞ്ഞ ഈ പൂച്ചട്ടികൾ നിറം നൽകി ഭംഗിയാക്കും. ഇരിണാവ് വീവേഴ്സാണ് ഇതിനാവശ്യമായ തുണി നൽകുന്നത്. ഒരു മീറ്റർ തുണികൊണ്ട് വലിപ്പമുള്ള രണ്ട് ചട്ടികൾ ഉണ്ടാക്കാം. ഇതിനു പുറമെ സിമന്റും എംസാൻഡുംകൊണ്ടുള്ള ചട്ടികളും നിർമിക്കുന്നുണ്ട്. കോൺക്രീറ്റ്‌ പൂച്ചട്ടികളും അറിയിപ്പ്‌ ബോർഡുകളുമെല്ലാം നിർമിക്കുന്നുണ്ട്‌. മാടായി ഗവ. ബോയ്സ് സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റാണ് പൂച്ചട്ടി നിർമാണത്തിൽ ഇവർക്ക് പരിശീലനം നൽകിയത്.
ആവശ്യക്കാർ പറയുന്ന ഡിസൈനിലും വലിപ്പത്തിലുമുള്ള ചട്ടികളുണ്ടാക്കി നൽകും. വീടുകൾക്ക് പുറമെ അങ്കണവാടികളും മറ്റുസ്ഥാപനങ്ങളും ചട്ടികൾ വാങ്ങുന്നുണ്ട്. തുണിപ്പൂച്ചട്ടിക്ക് 20 രൂപ മുതൽ 300 രൂപ വരെയാണ് വില. 50 മുതൽ 120 രൂപ വരെ നിരക്കിലാണ് സിമന്റ് ചട്ടികൾ വിൽക്കുന്നത്. ഒരു ദിവസം 40 ചട്ടികൾ നിർമിക്കാൻ കഴിയും.
പ്ലാസ്റ്റിക് ബദൽ എന്ന നിലയിൽ വലിയ സ്വീകാര്യതയാണ് തുണിച്ചട്ടികൾക്ക് ലഭിക്കുന്നത്. ഭാരം കുറവുമാണ്. വിവിധ ബദൽ ഉൽപ്പന്ന പ്രദർശന മേളകളിലും ഈ പൂച്ചട്ടികൾ മികച്ച ശ്രദ്ധ നേടുന്നുണ്ട്. ഖബറിടങ്ങളിലേക്കുള്ള മീസാൻ കല്ലുകളും ഇവർ നിർമിച്ചുനൽകും. വൈദ്യുതിയും യന്ത്രസംവിധാനങ്ങളും ലഭിച്ചാൽ സിമന്റ് കട്ടകൾകൂടി നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്മ. കുടുംബശ്രീ മിഷന്റെയും വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെയാണ് പ്രവർത്തനം. സി അനിത, പി ഗീത, ബി ബിന്ദു, പി സജിത, വി ടി നളിനി, ആഞ്ജല ബെന്നി എന്നിവരാണ് ഒരുമയിലെ അംഗങ്ങൾ.
ആറ്‌ പേരുടെ കൂട്ടായ്‌മ കഴിഞ്ഞ ഡിസംബറിലാണ്‌ പ്രവർത്തനം തുടങ്ങിയത്‌. കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽനിന്നും മൂന്ന് ലക്ഷം രൂപ സബ്സിഡിയോടെ അഞ്ച് ലക്ഷം രൂപ സ്വയംതൊഴിൽ വായ്പയെടുത്തു. ഇപ്പോൾ, പഞ്ചായത്തിലേക്കാവശ്യമായ മുഴുവൻ കോൺക്രീറ്റ് ബോർഡുകളും ഒരുമയാണ് നിർമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതികളുടെ വിവരങ്ങൾ രേഖപ്പെടുത്തി വിവിധയിടങ്ങളിൽ സ്ഥാപിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. കല്യാശേരി ബ്ലോക്കിലെ മറ്റുപഞ്ചായത്തുകൾക്കും ബോർഡ് നിർമിച്ചുനൽകുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പി ഗോവിന്ദൻ പറഞ്ഞു.

Related posts

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

കൊടുംചൂടിൽ വെന്തുരുകി ജില്ല

Aswathi Kottiyoor

കേ​ര​ള​ത്തി​ലേ​ത് ക​മ്മീ​ഷ​ൻ സ​ർ​ക്കാ​ർ: കെ. സു​ധാ​ക​ര​ൻ

Aswathi Kottiyoor
WordPress Image Lightbox