ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പിനുള്ള മരുന്നില്ലെന്ന് പരാതി. മലയോരത്തെ പ്രധാനപ്പെട്ട ആശുപത്രിയോട് സർക്കാരിന്റെ അവഗണനയാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. വളർത്തുനായ, പൂച്ച എന്നിവ കടിക്കുകയോ, അവയുടെ നഖം മനുഷ്യശരീരത്തിൽ കൊള്ളുകയോ ചെയ്താൽ പേ വിഷബാധ പ്രതിരോധ കുത്തിവയ്പ് നടത്തേണ്ടതുണ്ട്. എന്നാൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഇതിനുള്ള ഐഡിആർവി മരുന്നില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
പേവിഷ ബാധയേറ്റാൽ ഒരാൾക്ക് അഞ്ച് ഡോസ് മരുന്നാണ് നൽകേണ്ടത്. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ദിനംപ്രതി പേ വിഷ ബാധയേറ്റ് നിരവധി പേർ ആശുപത്രിയിൽ എത്തുന്നുണ്ട്. ആദിവാസിവിഭാഗങ്ങളിൽ ഉൾപ്പെടെയുള്ളവർ ഇരിട്ടി താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കാറുള്ളത്. പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നില്ലാത്തതിനാൽ തലശേരിയിലോ കണ്ണൂരിലോ ആശുപത്രിയിൽ പോകേണ്ട അവസ്ഥയാണ്. സർക്കാർ മരുന്ന് നൽകിയില്ലെങ്കിൽ ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ചാണ് മരുന്ന് വാങ്ങേണ്ടത്.
എന്നാൽ ആശുപത്രി വികസന സമിതിയിൽ മരുന്നു വാങ്ങുവാനുള്ള തുകയുമില്ല. ഒരു മാസം ശരാശരി ഒരു ലക്ഷം രൂപയോളം പേവിഷബാധ പ്രതിരോധ കുത്തിവയ്പിനുള്ള മരുന്ന് വാങ്ങാൻ വേണ്ടിവരും.