കണ്ണൂർ: തെരുവുനായ് ശല്യം നിയന്ത്രിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
കണ്ണൂർ നഗരത്തിലെ തെരുവുനായ് ശല്യം പരിഹരിക്കാൻ നഗരസഭ സെക്രട്ടറി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തെരുവുനായ്ക്കളുടെ ആക്രമണത്തിന് നഷ്ടപരിഹാരം ലഭിക്കാൻ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ പരാതി നൽകാവുന്നതാണെന്നും കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ കമ്മീഷൻ ചൂണ്ടിക്കാട്ടി.
പുലർച്ചെ ട്യൂഷനു പോയ പത്താം ക്ലാസ് വിദ്യാർഥിയുടെ സൈക്കിളിനു പിന്നാലെ പാഞ്ഞ തെരുവുനായ്ക്കൾ കുട്ടിയെ കടിച്ചതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് നിയമതടസമുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ അക്രമസ്വഭാവമുള്ള നായ്ക്കളെ പിടികൂടണം. മൃഗസ്നേഹികളുടെ സഹായത്തോടെ അവയെ മാറ്റിപാർപ്പിക്കണം. തെരുവുനായ്ക്കളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കണം. റോഡരികിൽ ഭക്ഷണസാധനങ്ങളുടെ ലഭ്യത ഇല്ലാതാക്കണം. കൂടുതൽ നായ്ക്കളെ കുറഞ്ഞ സമയത്തിനുള്ളിൽ സ്റ്റെറിലൈസ് ചെയ്യണം. ജനങ്ങൾക്ക് ഭീതികൂടാതെ സഞ്ചരിക്കാൻ സംവിധാന
മൊരുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. സിറ്റിംഗിൽ 50 കേസുകൾ പരിഗണിച്ചു