കണ്ണൂര്‍: നാലു വര്‍ഷത്തിനിടയില്‍ 319 ബ്രാഞ്ചുകളും ഏഴ് ലോക്കല്‍ കമ്മിറ്റികളും സിപിഎമ്മിന് വര്‍ധിച്ചതായി ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നാലു വര്‍ഷത്തിനിടയില്‍ പാര്‍ട്ടി സംഘടന വിപുലീകരിക്കാനും ബഹുജനസ്വാധീനം വര്‍ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെയും വര്‍ഗ-ബഹുജന സംഘടനകളെയും ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടി സമ്മേളനത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് പ്രകടനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുക. പ്രകടനങ്ങളിൽ നിശ്ചിത എണ്ണം ആളുകളും ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളും, മറ്റു സമ്മേളനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായിരിക്കും പങ്കെടുക്കുന്നത്. കുടുംബയോഗങ്ങളും പ്രഭാഷണങ്ങളും വെബിനാറുകളും ടേബിള്‍ ടോക്കും, കലാ-സാഹിത്യ മത്സരങ്ങളും ഓണ്‍ലൈനായി നടത്തും.
ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് 3838 കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ബ്രാഞ്ച് സമ്മേളനങ്ങൾ ഈമാസം പത്തുമുതൽ ആരംഭിക്കും. 225 ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബറിലും18 ഏരിയ സമ്മേളനങ്ങള്‍ നവംബറിലുമാണ് നടത്തുക. ജില്ലാസമ്മേളനം ഡിസംബര്‍ പത്തുമുതല്‍ 12 വരെ എരിപുരത്താണ് നടത്തുക.