കണ്ണൂർ: കോവിഡ് കാലത്ത് ഇതര സംസ്ഥാനങ്ങളിൽനിന്ന് കണ്ണൂർ ജില്ലയിൽ എത്തിയ അതിഥിതൊഴിലാളികളുടെ കണക്കെടുപ്പ് താളം തെറ്റി. പലപ്പോഴും ഇവരുടെ താമസസ്ഥലത്തെക്കുറിച്ചോ മേൽവിലാസത്തെക്കുറിച്ചോ അറിവില്ലാത്തതുകാരണം വെട്ടിലാകുന്നത് പോലീസാണ്. അതിഥിതൊഴിലാളികൾക്ക് താമസസ്ഥലം ഒരുക്കുന്നവർ, ഇവരെ ജോലിക്കായി ഉപയോഗപ്പെടുത്തുന്നവർ, ഇവിടേക്ക് എത്തിക്കുന്നവർ എന്നിവർ തൊഴിലാളികളടെ കൃത്യമായ വിവരങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിൽ നൽകണമെന്നാണ് നിയമം. എന്നാൽ ഇതു പാലിക്കപ്പെടുന്നില്ല.
ഇവർ താമസിക്കുന്ന പലയിടങ്ങളിലും അക്രമവും കൊലപാതകങ്ങളും മദ്യലഹരിയിൽ വെട്ടും കുത്തും വരെ പതിവാണ്. എന്നാൽ ഇവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നുമില്ല. നേരത്തെ ആധാർ കാർഡും മറ്റും ഹാജരാക്കിയാണ് ഏജന്റുമാരും കരാറുകാരും അതിഥിതൊഴിലാളികളെ പോലീസ് സ്റ്റേഷനുമായി പരിചയപ്പെടുത്തിയിരുന്നത്. ഈ മേൽവിലാസങ്ങളിൽ പലതും വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ടെങ്കിലും പോലീസും ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രതയോ തുടരന്വേഷണമോ നടത്താറില്ല. പ്രാദേശിക ഭരണകൂടമാകട്ടെ അതിഥിതൊഴിലാളികൾ എന്നപേരിൽ ഇത്തരക്കാരെ താമസിപ്പിക്കുമ്പോഴും വലിയൊരുകൂട്ടം ഈ കണക്കിലും പുറത്താണ്. താമസസ്ഥലത്തോ പരിസരപ്രദേശങ്ങളിലോ അക്രമമോ സാമൂഹ്യവിരുദ്ധ പ്രവർത്തനമോ നടത്തി പല തൊഴിലാളികളും സ്ഥലം വിടാറുണ്ട്. കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇവരെ പിന്നീട് കണ്ടെത്താനും കഴിയാറില്ല.
അതിഥിതൊഴിലാളി സംഘങ്ങളുടെ എണ്ണം കൂടിവരുന്നത് ദുരിതമാകുന്നുണ്ടെന്ന് പ്രദേശവാസികളും പരാതിപ്പെടുന്നുണ്ട്. ഒരു കെട്ടിടത്തിൽത്തന്നെ താമസിക്കുന്ന പലർക്കും പരസ്പരം അറിയുകപോലുമില്ലെന്നത് പോലീസിനെയും വട്ടം കറക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇടക്കാലത്ത് നിലച്ചുപോയ അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് വീണ്ടും ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.