കണ്ണൂർ: ഓണം കെങ്കേമമാക്കാന്‍ ഓണ്‍ലൈന്‍ ഓണാഘോഷവുമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍. 19 മുതല്‍ 23 വരെ “കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷം’ എന്ന പേരിലാണ് ഡിടിപിസി ഓണാഘോഷം സംഘടിപ്പിക്കുന്നത്.
വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെയുള്ള പരിപാടി കണ്ണൂര്‍ വിഷന്‍ ചാനല്‍ ലൈവ് ടെലികാസ്റ്റ് ചെയ്യും. കോവിഡ് മഹാമാരി കാലത്ത് വരുമാന നഷ്ടം അനുഭവിക്കുന്ന കലാകാരന്മാര്ക്കും അനുബന്ധ മേഖലയിലുള്ളവര്‍ക്കും കൈത്താങ്ങാകാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷമെന്ന് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു.
ട്രിപ്പിള്‍ തായമ്പക, ക്ലാസിക്കല്‍ ഡാന്‍സ്, ഗസല്‍, ഷഹബാസ് അമന് പാടുന്നു, നാടന്‍ പാട്ടുകള്‍, കോമഡി ഷോ, ബാബുരാജ് സ്മൃതി സന്ധ്യ, ഓട്ടന്തുള്ളല്, സൂര്യഗീതം, മാജിക്ക് നൈറ്റ്, ഒപ്പന, വനിത കോല്‍ക്കളി, സോളോ ഡ്രാമ, വിസ്മയം എന്നീ തലക്കെട്ടുകളോടെ വൈവിധ്യമുള്ള കലാ വിരുന്നാണ് ഔണ്‍ലൈനായി അവതരിപ്പിക്കുക.
പ്രമുഖ വാദ്യകലാകാരന് മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാര്‍, നര്‍ത്തകിമാരായ നീലമന സിസ്റ്റേഴ്സ്, ഗസല്‍ ഗായകരായ ഷഹബാസ് അമന്, ജിതേഷ് സുന്ദരം, ഭജന്‍ ഗായിക സൂര്യ ഗായത്രി, പിന്നണി ഗായകനായ രതീഷ്കുമാര്‍ പല്ലവി, മിമിക്രി ചലച്ചിത്ര താരമായ ശിവദാസ് മട്ടന്നൂര്‍ തുടങ്ങിയവരും കണ്ണൂര്‍ ജില്ലയിലുള്ള വിവിധ പ്രതിഭാശാലികളായ കലാകാരന്മാരും പരിപാടിയുടെ ഭാഗമാകും.