കണ്ണൂർ: അഗതി-അനാഥ-വൃദ്ധ മന്ദിരങ്ങളിലെ ആയിരക്കണക്കിന് അന്തേവാസികൾക്ക് ലഭിച്ചുകൊണ്ടിരുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ ഇല്ലാതാക്കിയ ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവ് മനുഷ്യത്വരഹിതവും സാമൂഹ്യനീതിക്ക് നിരക്കാത്തതാണെന്ന് കേരള കോൺഗ്രസ് നേതാക്കളായ ജോസഫ് മുള്ളൻമട, ഡോ. ജോൺ ജോസഫ്, ജോർജ് കാനാട്ട് എന്നിവർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തീരുമാനം അടിയന്തരമായി തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുപിടിച്ച് ആശ്രയം കൊടുക്കേണ്ട സർക്കാർ അഗതികളുടെ ഉത്തരവാദിത്വം ധർമസ്ഥാപനങ്ങൾക്കാണെന്ന ക്രൂരവും വിചിത്രവുമായ ഉത്തരവിറക്കിയത് ദുഃഖകരമാണ്. അഗതിമന്ദിരങ്ങൾക്ക് സർക്കാർ സഹായം ലഭിക്കുന്നുവെന്ന് പറഞ്ഞാണ് ധനവകുപ്പ് പെൻഷൻ തടഞ്ഞത്.
നൂറുകണക്കിന് അന്തേവാസികൾ താമസിക്കുന്ന സ്ഥാപനങ്ങളിൽ 50 പേർക്ക് മാത്രമാണ് ഗ്രാന്റ് ലഭിക്കൂ എന്നതാണ് വ്യവസ്ഥ. വസ്ത്രം, മരുന്ന്, ഭക്ഷണം, പുനരധിവാസ ക്രമീകരണങ്ങൾക്കെല്ലാം കൂടി ഒരു അന്തേവാസിക്ക് ലഭിക്കേണ്ടുന്ന 1,100 രൂപ സമയബന്ധിതമായി ലഭിക്കുന്നുമില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും നിരാലംബരായ അഗതികളുടെ സങ്കടമകറ്റണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകുമെന്നും നേതാക്കൾ പറഞ്ഞു.