തലശേരി: വന്യമൃഗശല്യം മൂലം പൊറുതിമുട്ടുകയും നാണ്യവിളകളുടെയും ഭക്ഷ്യവിളകളുടെയും വിലത്തകർച്ച മൂലം കഷ്ടപ്പെടുകയും ചെയ്യുന്ന കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നീതി കാട്ടണമെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്. കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക വിലാപ ദിനത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാടിനെ തീറ്റിപ്പോറ്റുന്ന കർഷകരുടെ പ്രശ്നങ്ങൾ അവഗണിക്കുകയെന്ന നിലപാടാണ് കേന്ദ്ര-കേരള സർക്കാരുകൾക്കുള്ളതെന്നും അതിനാൽ കർഷകരുടെ ശബ്ദം ഉയർത്തി കാണിക്കാൻ കത്തോലിക്കാ കോൺഗ്രസ് എന്നും കർഷകരോടൊപ്പം ഉണ്ടാകുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസിന്റെ കർഷകർക്കുവേണ്ടിയിട്ടുള്ള പോരാട്ടത്തിൽ കത്തോലിക്കാസഭ എന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, ഫാ. ടോം ഓലിക്കരോട്ട്, ഫാ. വിപിൻ വടക്കേപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അതിരൂപതയിലെ 110 കേന്ദ്രങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളുടെ മുന്നിൽ കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകർ നിൽപ്പുസമരം നടത്തി.
വിവിധ മേഖലകളിലെ സമരങ്ങൾക്ക് ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ബേബി നെട്ടനാനി, ചാക്കോച്ചൻ കാരാമയിൽ, ബെന്നി പുതിയാംപുറം, ഫിലിപ്പ് വെളിയത്ത്, ബിനോയ് തോമസ്, ജോർജ് വടകര, പീയൂസ് പറയിടം, സിസിലി പുഷ്പക്കുന്നേൽ, ഷീജ സെബാസ്റ്റ്യൻ, ജോർജ് കാനാട്ട്, ബെന്നിച്ചൻ മഠത്തിനാൽ, മാത്യു വള്ളാംകോട്ട്, ടോമി വെട്ടിക്കാട്ട്, മൈക്കിൾ ചാണ്ടിക്കൊല്ലി, വർഗീസ് പള്ളിച്ചിറ, ജിമ്മി അയിത്തമറ്റം, ഏബ്രഹാം ഈറ്റക്കൽ, ഡേവിസ് ആലങ്ങാടൻ, ജോർജ് വലിയമറത്താങ്കൽ, ജോസ് ഏത്തക്കാട്, ടോമി കണയങ്കൽ, ജോസ് പുന്നോത്, ജോണി തോലമ്പുഴ, സെബാസ്റ്റ്യൻ ജാതികുളം, സിജോ ചിലമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.