സ്വന്തം മണ്ണിൽ ജീവിക്കാനും കൃഷി ചെയ്യാനുമുള്ള മലയോര ജനതയുടെ ജന്മാവകാശത്തിനുനേരെയുള്ള കടന്നുകയറ്റത്തിനെതിരേ പ്രതിഷേധവുമായിപരിസ്ഥിതി മന്ത്രാലയത്തിൽ പരാതി പ്രളയം. ആറളം വന്യജീവി സങ്കേതത്തിനു ചുറ്റുമായി 10.34 ചതുരശ്ര മീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനത്തിനെതിരേ 1701 പരാതികളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു മുന്പാകെ എത്തിയത്.
ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ, സന്നദ്ധ സംഘടനകൾ, മതസംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരാണ് ബഫർസോണിനെതിരേ പരാതിയുമായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലത്തിൽ എത്തിയത്. വന്യജീവി സങ്കേതത്തിനു ചുറ്റും ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരേയാണ് പ്രതിഷേധം. വന്യജീവി സങ്കേതത്തിന് ചുറ്റും ജനവാസ മേഖല ഉൾപ്പെടെ സീറോ പോയിന്റായി കണക്കാക്കണമെന്നാണ് കേന്ദ്രസർക്കാരിന് നൽകിയ പരാതിയിലെ പ്രധാന ആവശ്യം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആറളം, കേളകം ഗ്രാമപഞ്ചായത്തുകളും ബദൽ നിർദേശം സമർപ്പിച്ചിട്ടുണ്ട്. കരട് നിർദേശം പ്രാവർത്തികമായാൽ കേളകം പഞ്ചായത്തിലെ 200 ഓളം കുടുംബങ്ങളും ആറളത്തെ 300 ലധികം കുടുംബങ്ങളും വിജ്ഞാപനത്തിന്റെ പരിധിയിൽ വരും. നൂറു കണക്കിന് കർഷകർക്ക് അവരുടെ ഭൂമിയെ ബാധിക്കും. കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ജീവനോപാധികളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നിരോധനമോ നിയന്ത്രണമോ വരും. കൃഷി, റോഡ് നിർമാണം, അടിസ്ഥാന വികസനം, മരം മുറി, രാത്രികാല നിരോധനം തുടങ്ങി നിർദേശങ്ങളാണ് ഏറ്റവും വിമർശിക്കപ്പെടുന്നത്.
ആശങ്കകൾക്ക് വിരാമമില്ല
ബഫർസോൺ വിഞ്ജാപനം കേരളത്തിലെ മലയോര കർഷകരുടെ ആശങ്ക വലിയ തോതിൽ വർധിക്കുകയാണ്. വന്യജീവികളുടെ കാടിറക്കം, വിലയിടിവ്, വിളനാശം, കാലാവസ്ഥാവ്യതിയാനം, കടക്കെണി, കോവിഡ് വ്യാപനം, ലോക്ഡൗൺ തുടങ്ങിയ ഒട്ടേറെ പ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിയുന്ന കർഷകർക്ക് മറ്റൊരു വെല്ലുവിളി ഉയർത്തുകയാണ് ബഫർസോൺ വിജ്ഞാപനങ്ങൾ. മുന്പ് പ്രഖ്യാപിച്ച ഇഎഫ്എൽ, കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള പദ്ധതി പോലെ കടുത്ത ആശങ്കയിലും ദുഃഖത്തിലുമാണ് കർഷകർ. കിടപ്പാടവും കൃഷിയിടങ്ങളും നഷ്ടപ്പെടുന്ന അവസ്ഥ ചിന്തിക്കാനാകാത്ത സ്ഥിതിയിലാണവർ.
രാത്രികാല യാത്ര പോലും
ദുർഘടമാകും
ബഫർസോണുകളിൽ പ്രഖ്യാപിച്ച പല നിർദേശങ്ങളും ഫലത്തിൽ നിരോധനമാകുന്ന ആശങ്കയിലാണ് മലയോര ജനത. ഇതിന് പ്രധാന കാരണങ്ങളിലൊന്ന് കരട് വിജ്ഞാപനത്തിലെ അവ്യക്തതയാണ്. നിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കപ്പെടും. മാത്രമല്ല വിജ്ഞാപനം കർക്കശമായി നടപ്പായാൽ നിർദിഷ്ട പരിസ്ഥിതിലോല പ്രദേശത്ത് ആദിവാസികൾക്കടക്കം കൃഷിക്ക് മുൻകൂർ അനുവാദം തേടണം. എല്ലാവിധ നിർമാണ പ്രവർത്തനങ്ങൾക്കും നിരോധനമുണ്ടാകും. താമസസൗകര്യങ്ങൾക്ക് പോലും മുൻകൂർ അനുമതി തേടണം. കൃഷി, അടിസ്ഥാന വികസന സൗകര്യങ്ങൾ, ഹോട്ടലുകൾ, കടമുറികൾ, വാണിജ്യം, കെട്ടിടനിർമാണം, റോഡുകളുടെ ബലപ്പെടുത്തൽ, റോഡ് റീ ടാറിംഗും വീതി കൂട്ടലും, വാഹന ഇന്ധനം, കോഴിഫാം, ഡയറിഫോം, കാർഷികവൃത്തികൾ എന്നിവയെല്ലാം നിരോധനമോ നിയന്ത്രണമോ വരും. ഒരു പക്ഷേ രാത്രികാല യാത്രയ്ക്ക് പോലും വിലക്ക് വരാൻ സാധ്യതയുണ്ട്. സ്വന്തം ഭൂമിയിലെ മരംമുറിക്കാൻ പോലും അനുവാദം വേണം. പ്രദേശത്തെ വികസന സാധ്യത ഇല്ലാതാകും. സാധാരണ ജീവിതം വഴിമുട്ടാൻ ഇതിനപ്പുറം മറ്റൊന്ന് ആവശ്യമില്ല.
കർഷകർക്ക്
ദ്രോഹമാകില്ലെന്ന്
വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശം ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിക്കുന്നത് കർഷകരെ ദോഷകരമായി ബാധിക്കുകയില്ലെന്നാണ് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. എങ്കിലും ജനങ്ങളുടെ വികാരം മാനിച്ച് മാത്രമേ മന്ത്രാലയത്തിന് മുന്നോട്ടുപോകാനാവൂവെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. ജനവാസ കേന്ദ്രം ഒഴിവാക്കി മാത്രമേ ബഫർസോൺ നിർണയിക്കുകയുള്ളൂവെന്ന് പിണറായി സർക്കാരിന്റെ ഒന്നാം മന്ത്രിസഭയിൽ വനം മന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയിരുന്നു.