ഇരിട്ടി: പടിയൂർ പഞ്ചായത്തിലെ കല്ലുവയലിൽ കമുകിന്റെ ഇളം തണ്ടിനെ ആക്രമിക്കുന്ന പുതിയ കീടത്തിന്റെ സാന്നിധ്യം കണ്ടെത്തി. എ.വി. സിബി, വർഗീസ് പുന്നത്താനത്ത് എന്നീ കർഷകരുടെ തോട്ടത്തിലാണ് കമുകിൻതടിയെ ആക്രമിക്കുന്ന തടിതുരപ്പന്റെ വ്യാപകമായ ആക്രമണം കാണപ്പെട്ടത്. വണ്ട് വിഭാഗത്തിൽപ്പെടുന്ന ഈ കീടത്തെ 2018-ൽ കാസർഗോഡ് ജില്ലയിൽനിന്ന് കണ്ടെത്തിയിരുന്നു. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ വ്യാപകമായ ആക്രമണം കാണപ്പെടുന്നത്. നേരത്തെ റബർ തടിയിലും ഇവയുടെ സാന്നിധ്യം കണ്ടിട്ടുണ്ട്. കണ്ണൂർ ആത്മ, കൃഷിവകുപ്പ്, കൃഷി വിജ്ഞാന കേന്ദ്രം എന്നിവിടങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം സ്ഥലം സന്ദർശിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.
കീടത്തിന്റെ ആക്രമണ ലക്ഷണങ്ങൾ
രണ്ടു വർഷം വരെ പ്രായമുള്ള ഇളം കമുകുകളിൽ തറനിരപ്പിൽനിന്ന് ഒരു മീറ്റർ ഉയരത്തിൽ മണ്ടയിൽ നിന്നും ഒരടി താഴെ തടിയിൽ മൊട്ടുസൂചി വലിപ്പത്തിൽ ദ്വാരങ്ങളുണ്ടാക്കി കമുകിൻ തടി ആക്രമിക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തിലുണ്ടായ ദ്വാരങ്ങളിലൂടെ തടിയിൽനിന്നും ഇളം മഞ്ഞനിറം കലർന്ന തവിട്ടുനിറത്തിലുള്ള പശപോലുള്ള ദ്രാവകം ഒലിച്ചുവന്ന് കട്ടിപിടിച്ച് കാണാം.
രൂക്ഷമായ ആക്രമണമുള്ള തൈകൾ മഞ്ഞളിച്ച് വളർച്ച മുരടിക്കും. ഇത്തരം കീട ആക്രമണമുള്ള കമുകിന്റെ തടിയിൽ സ്വാഭാവികമായുള്ളതിനേക്കാൾ കൂടുതൽ ദൃഢതയും അനുഭവപ്പെടും.
നിയന്ത്രണ മാർഗങ്ങൾ
കീടാക്രമണം കാണപ്പെട്ട തോട്ടങ്ങളിൽ രാസകീടനാശിനികളായ ക്വിനാൽഫോസ് 25 ഇസി (രണ്ടു മില്ലി ലിറ്റർ) അല്ലെങ്കിൽ ക്ലോർപൈറിഫോസ് 20 ഇസി (2.5 മില്ലി ലിറ്റർ) എന്നീ കീടനാശിനികളിലേതെങ്കിലും തടിയിൽ തേച്ചുകൊടുക്കുന്നതും കൂടാതെ തടിയിലുള്ള സുഷിരങ്ങളിലൂടെ ഈ കീടനാശിനികളിലേതെങ്കിലും സിറിഞ്ചുപയോഗിച്ച് കുത്തിവയ്ക്കുന്നതും കീടത്തെ ഫലപ്രദമായി നിയന്ത്രിക്കുമെന്ന് പടന്നക്കാട് കാർഷിക കോളജ് പ്രഫസർ ഡോ. കെ.എം. ശ്രീകുമാർ പറഞ്ഞു. രണ്ടു വർഷത്തിൽ താഴെ പ്രായമുള്ള കമുകിൻതൈകളെയാണ് ഈ കീടം പ്രധാനമായും ബാധിക്കുന്നത്. കീടാക്രമണം മൂലമുണ്ടാകുന്ന മുറിവുകൾ മൂലം കുമിൾ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. നൈട്രജൻ അടങ്ങിയ ജൈവവളം കൂടുതലായി നൽകിയതും മണ്ണിലെ പുളിരസവും പൊട്ടാഷ് , കാൽസ്യം, മഗ്നീഷ്യം തുടങ്ങി മറ്റു മൂലകങ്ങളടങ്ങിയ വളം നൽകുന്നതിലെ കുറവുമുള്ള തോട്ടങ്ങളിൽ കീടത്തിന്റെ ആക്രമണസാധ്യത കൂടുതലാണെന്നും അതിനാൽ കൃത്യമായ വളപ്രയോഗമുറകൾ പിന്തുടരണമെന്നും കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ.പി. ജയരാജ് അറിയിച്ചു.