വളയംചാൽ ആദിവാസി കോളനിയിൽ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോളനിയിലെ 58 പേരെ ആൻ്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 42 ഓളം കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കോളനിയിലുള്ളവർക്ക് ചെറിയ പനി ഉണ്ടായതിൻ്റെ അടിസ്ഥാനത്തിൽ ആൻ്റിജൻ പരിശോധന നടത്തുകയായിരുന്നു. കോളനിയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ വളയംചാൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കാൻ നിർദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലെക്കുറ്റ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സജീവൻ പാലുമി, ടോമി പുളിക്കകണ്ടം, പ്രീത ഗംഗാധരൻ പഞ്ചായത്തംഗങ്ങളായ ലീലാമ്മ ജോണി എന്നിവർ കോളനി സന്ദർശിച്ചു. കോവിഡ് ബാധിച്ചവരെ സമീപത്തെ സാംസ്കാരിക നിലയത്തിലേക്കും രണ്ടു വീടുകളിലുമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പും പഞ്ചായത്തും കോളനിവാസികൾക്ക് ബോധവൽക്കരണവും നൽകുന്നുണ്ട്. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കോളനിയിൽ ഭക്ഷ്യകിറ്റുകൾ നൽകി.