കണ്ണൂർ: തീരദേശ ചരക്കുകപ്പല്‍ സര്‍വീസിന്റെ ഭാഗമായി അഴീക്കല്‍ തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം സജീവമാക്കും. കൊച്ചിയില്‍നിന്നുള്ള ചരക്കുകളുമായി റൗണ്ട് ദ കോസ്റ്റ് കമ്പനിയുടെ “ഹോപ് സെവന്’ അഴീക്കല്‍ തുറമുഖത്ത് ഇന്നലെ വീണ്ടുമെത്തി. ഉദ്ഘാടനത്തിനുശേഷം ഇത് മൂന്നാം തവണയാണ് കപ്പല്‍ അഴീക്കലില്‍ എത്തുന്നത്. അഴീക്കല്‍ തുറമുഖത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ചരക്കുകപ്പല്‍ പൂര്‍ണാര്‍ഥത്തില്‍ സര്‍വീസ് നടത്തുന്നതെന്ന് കെ.വി. സുമേഷ് എംഎല്‍എ പറഞ്ഞു. അഴീക്കല്‍ തുറമുഖത്ത് മാധ്യമപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കപ്പല്‍ വഴിയുള്ള ചരക്കുഗതാഗതം കൂടുതല്‍ സജീവമാക്കുന്നതിന് കണ്ണൂരിനുപുറമെ, കാസര്‍ഗോഡ്, വയനാട്, കുടക് ജില്ലകളിലെ വ്യവസായ-വ്യാപാര പ്രമുഖരില്‍നിന്ന് സഹകരണം ആവശ്യപ്പെടും. ഇതിനായി അവരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍നിന്ന് അഴീക്കലിലേക്കും തിരിച്ച് കൊച്ചിയിലേക്കുമുള്ള കൂടുതല്‍ കണ്ടെയ്നറുകള്‍ തുറമുഖത്ത് എത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. പ്രാരംഭഘട്ടത്തില്‍ കപ്പല്‍ സര്‍വീസ് മുടക്കമില്ലാതെ തുടരുന്നതിനാവശ്യമായ ഇന്‍സെന്റീവ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളും. അഴീക്കല്‍ തുറമുഖ വികസനത്തിലും ചരക്കുകപ്പല്‍ സര്‍വീസ് ശക്തിപ്പെടുത്തുന്നതിലും മുഖ്യമന്ത്രിയും തുറമുഖ വകുപ്പ് മന്ത്രിയും സ്വീകരിക്കുന്ന പ്രത്യേക താത്പര്യം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അഴീക്കല്‍-കൊച്ചി കപ്പല്‍ സര്‍വീസ് തുടര്ന്നുപോകില്ലെന്ന രീതിയില്‍ ചില കോണുകളില്‍നിന്ന് ഉയരുന്ന അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്ന് ഹോപ് ദ സെവന് കപ്പല്‍ സിഇഒ കിരണ്‍ ബി. നന്ദ്രെ അറിയിച്ചു. ഒരുകാരണവശാലും അഴീക്കലില്‍നിന്നുള്ള ചരക്കുകപ്പല്‍ സര്‍വീസ് മുടങ്ങില്ല. അതിനാവശ്യമായ എല്ലാ പിന്തുണയും സംസ്ഥാനസര്‍ക്കാരും തുറമുഖ വകുപ്പും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡിന്റെ പത്ത് കണ്ടെയ്നറുകളാണ് അഴീക്കലില്‍നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ആദ്യഘട്ടത്തില്‍ ഇത് 25 കണ്ടെയ്നറുകളാക്കി മാറ്റുകയാണ് ലക്ഷ്യം. അതുപോലെ കൊച്ചിയില്‍നിന്ന് ഇങ്ങോട്ടേക്കുള്ള കണ്ടെയ്നറുകളുടെ എണ്ണവും 25 ആക്കി ഉയര്‍ത്താന്‍ കഴിയണം. അതിന് വാണിജ്യസമൂഹത്തിന്റെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരിലെ വ്യാപാരികളുമായും വ്യവസായികളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ചെറുകപ്പലായ ഹോപ് സെവനിന് 106 കണ്ടെയ്നറുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. അയല്‍ ജില്ലകളില്‍നിന്നുള്ള ചരക്കുകള്‍കൂടി വരുന്നതോടെ കപ്പല്‍ സര്‍വീസിന്റെ എണ്ണം കൂട്ടാനാകുമെന്നാണ് പ്രതീക്ഷ. ഒന്നിലേറെ വ്യാപാരികള്‍ക്ക് സംയുക്തമായി ഒരു കണ്ടെയ്നറില്‍ ചരക്കുകള്‍ കൊണ്ടുവരാനും കൊണ്ടുപോകാനുമുള്ള സൗകര്യവും അഴീക്കലില്‍ ഒരുക്കും. ചരക്കുനീക്കത്തിനാവശ്യമായ കസ്റ്റംസ് നടപടികള്‍ ലഘൂകരിക്കുന്നതുള്‍പ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതീഷ് നായര്‍, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് എന്നിവരും കൂടെയുണ്ടായിരുന്നു.
താത്പര്യമുള്ളവര്‍ക്ക് കപ്പല്‍
സിഇഒയുമായി ബന്ധപ്പെടാം
അഴീക്കല്‍ തുറമുഖം വഴിയുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ കണ്ടെയ്നറുകള്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനുമായി ജില്ലയിലെ വ്യവസായികളുമായും വ്യാപാരികളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് ഹോപ് സെവന് കപ്പല്‍ സിഇഒ കിരണ്‍ ബി നന്ദ്രെ അറിയിച്ചു. 24 വരെ ഇദ്ദേഹം കണ്ണൂരിലുണ്ടാകും.
താത്പര്യമുള്ളവര്‍ക്ക് 7506273540 എന്ന മൊബൈല്‍ നമ്പറിലോ kirann@ round thecoast.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. റോഡ് വഴിയുള്ള ചരക്കുഗതാഗതത്തേക്കാള്‍ ചെലവ് കുറഞ്ഞതും സുഗമവുമാണ് കപ്പല്‍ വഴിയുള്ള ചരക്കുനീക്കം.
കണ്ണൂരില്നിന്നുള്ളവര്ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് ഒരുക്കമാണ്. ലഭിക്കുന്ന കണ്ടെയ്നറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചെലവ് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.