ആറളം ഫാം -വിയറ്റ്നാം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കക്കുവ പുഴയ്ക്ക് കുറുകെ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യം ഇനിയും നടപ്പായില്ല. നാട്ടുകാർ കാട്ടുകമ്പുകൾ കൊണ്ട് തീർത്ത നടപ്പാലമാണ് കാലവർഷത്തിൽ ഇവർക്ക് ആശ്രയം.
ആറളം ഫാം പതിമൂന്നാം ബ്ലോക്ക്, വിയറ്റ്നാം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ കക്കുവ പുഴയ്ക്ക് കുറുകെ പുതിയ ഒരു നടപ്പാലമെങ്കിലും നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പലവിധ വാഗ്ദാനങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകാറുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ഈ മേഖലയിലേക്ക് ആരും തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.
കാലവർഷത്തിൽ കരകവിഞ്ഞൊഴുകുന്ന കക്കുവ പുഴയ്ക്ക് കുറുകെ നാട്ടുകാർ നിർമിച്ച പാലത്തിലൂടെ കുട്ടികൾ ഉൾപ്പെടെ ജീവൻ പണയപ്പെടുത്തിയാണ് മറുകര എത്തുന്നത്. ആദിവാസി മേഖലയുടെ നവീകരണത്തിനായി സർക്കാർ കോടികൾ ചെലവഴിക്കുമ്പോൾ അടിസ്ഥാന വികസനത്തിന് കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ദിവസവും നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ഇവിടെ കോൺക്രീറ്റ് നടപ്പാലമെങ്കിലും തീർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.