കണ്ണൂർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള എ, ബി, സി, ഡി കാറ്റഗറി തിരിച്ചുള്ള അടച്ചിടൽകൊണ്ട് വ്യാപാരികളെ ഇല്ലായ്മ ചെയ്യാൻ മാത്രമേ ഉപകരിക്കൂവെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ നേതൃയോഗം. പൊതുസമൂഹത്തിലെ ഭൂരിപക്ഷവും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ ടിപിആർ മാനദണ്ഡം പറഞ്ഞ് വ്യാപാര മേഖല മാത്രമാണ് ഇപ്പോഴും പടിക്കുപുറത്തുള്ളത്.
സർക്കാർ നിയന്ത്രണത്തിലുള്ള മദ്യവില്പനശാലകളിൽ ഒരു മാനദണ്ഡവും പാലിക്കാതെ നൂറുകണക്കിന് ആളുകൾ തൊട്ടുരുമ്മി ക്യൂ നിൽക്കുമ്പോഴും, ബസുകളിലടക്കമുള്ള പൊതുഗതാഗങ്ങളിൽ ആളുകൾ കൂട്ടത്തോടെ യാത്രചെയ്യുമ്പോഴും ഇല്ലാത്ത മാനദണ്ഡം വ്യാപാരികളിൽ മാത്രം അടിച്ചേൽപ്പിക്കുകയാണ്.
ഒരു ദിവസം മുഴുവൻ നിന്നാൽ അഞ്ചോ, പത്തോ ആളുകൾ വന്നു പോകുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരുടെ പരിശോധനയുടെ പേരിൽ ഭീഷണിയും പിഴയടക്കമുള്ള നടപടിയിൽ നിന്ന് പിൻവാങ്ങണമെന്നും നിയന്ത്രണങ്ങളോടെ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു
ഒന്നര വർഷത്തിലധികമായി സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുപോകുന്ന വ്യാപാര സമൂഹത്തിന് ഇത്തരം തലതിരിഞ്ഞ നിർദേശങ്ങൾ ഇനിയും അംഗീകരിക്കാനാവില്ലെന്ന് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം.സുഗുണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, എം.എ. ഹമീദ് ഹാജി, വി.പി മൊയ്തു എന്നിവർ പ്രസംഗിച്ചു.
previous post