കണിച്ചാർ: നന്മയ്ക്കായി നാടൊന്നിച്ചപ്പോൾ കണിച്ചാർ ജീസസ് ശിശുഭവനിൽ വീണ്ടും മംഗല്യ സൗഭാഗ്യം. 2019-ൽ വിവാഹിതയായ കാവ്യയ്ക്കു പിന്നാലെ അനീറ്റയും വിവാഹജീവിതത്തിലേക്ക്. കോളയാട് സ്വദേശി പ്രിൻസാണ് അനീറ്റയെ മിന്നുകെട്ടുന്നത്. ഇന്നു രാവിലെ 11ന് കോളയാട് സെന്റ് കോർണേലിയൂസ് ദേവാലത്തിലാണ് വിവാഹം.
നാലു വയസുള്ളപ്പോൾ കണിച്ചാർ ജീസസ് ശിശുഭവനിൽ എത്തിയതാണ് അനീറ്റ. ഇപ്പോൾ വയസ് 19. ശിശുഭവനിലെ സിസ്റ്റർ വിമലയുടെ സംരക്ഷണയിലാണ് അനീറ്റയടക്കമുള്ളവർ വളർന്നത്. എല്ലാവർക്കും അച്ഛനും അമ്മയുമെല്ലാം സിസ്റ്ററാണ്. 2019 നവംബർ 27-നാണ് ശിശുഭവനിൽ ആദ്യവിവാഹം നടന്നത്. ശിശുഭവനിലെ കാവ്യയെ വെള്ളർവള്ളി സ്വദേശി സോണി വിവാഹം ചെയ്തു. കഴിഞ്ഞദിവസം ഇവർക്ക് ആൺകുഞ്ഞ് പിറന്നതിന്റെ സന്തോഷവും ശിശുഭവനുണ്ട്. ഈ സന്തോഷം പങ്കിടുന്നതിനിടെയാണ് ശിശുഭവനിൽ വീണ്ടും വിവാഹപ്പന്തൽ ഉയരുന്നത്.
കോവിഡ് പ്രതിസന്ധികളുള്ളതിനാൽ മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് വിവാഹം നടക്കുന്നത്. കോളയാട് സ്വദേശി പുന്നേരി ആന്റണിയുടെയും ലൂസിയുടെയും മകനായ 28 കാരൻ പ്രിൻസ് കൂത്തുപറമ്പിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്.