വന്യമൃഗങ്ങളെ അങ്ങനെ വിളിക്കരുത് അവർ മനുഷ്യനൊപ്പമാണ് പണ്ടുകാലം മുതൽ കഴിഞ്ഞിരുന്നതെന്ന ഒരു മന്ത്രിയുടെ പ്രസ്താവനയും വന്യമൃഗങ്ങളോടൊപ്പം സഹവസിച്ചാൽ വന്യമൃഗശല്യം ഉണ്ടാകില്ല എന്ന മറ്റൊരു മന്ത്രിയുടെ പ്രസ്താവനയും കേട്ട് നട്ടം തിരിയുകയാണ് വനാതിർത്തിയിലെ കർഷകർ.
പുതിയ മന്ത്രിമാർ വന്നപ്പോൾ വനംവകുപ്പിന്റെ കർഷകരോടുള്ള സമീപനത്തിലും ഇടപെടലിലും കാര്യമായ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയോരകർഷകർക്ക് ഇനി പ്രതീക്ഷയ്ക്കു വകയില്ല എന്നതരത്തിലാണ് മന്ത്രിമാരുടെ പ്രസ്താവനകൾ.
പണ്ടുകാലം മുതൽ വന്യമൃഗങ്ങൾ മനുഷ്യനൊപ്പമാണ് കഴിഞ്ഞിരുന്നതെന്ന് മന്ത്രി പറഞ്ഞപ്പോൾ അന്ന് മനുഷ്യന് വന്യമൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്നതിനോ മെരുക്കി പരിപാലിക്കുന്നതിനോ യാതൊരു വിലക്കുമുണ്ടായിരുന്നില്ല എന്നുകൂടി അദ്ദേഹം പറയേണ്ടതായിരുന്നു. കഴിഞ്ഞ 50 വർഷംകൊണ്ട് കേരളത്തിലെ വനവിസ്തൃതിയുടെ കാര്യത്തിലും മൃഗങ്ങളുടെ കാര്യത്തിലും വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ വനവിസ്തൃതി കേന്ദ്ര ശരാശരിയേക്കാളും മുകളിലാണ്.
കണ്ണൂർ ജില്ലയിലെ മലയോരത്ത് 13 പേരുടെ ജീവനാണ് ചുരുങ്ങിയ കാലംകൊണ്ട് കാട്ടാന ആക്രമണം മൂലം നഷ്ടമായത്. നൂറുകണക്കിനാളുകൾക്കാണ് ആനയുടെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ പരിക്കേറ്റത്. മുഴക്കുന്ന് സ്വദേശി വിനോദ് , കൊട്ടിയൂർ പന്നിയാംമലയിലെ വേലിക്കകത്ത് മാത്യു തുടങ്ങിയവർ ഇപ്പോഴും ഗുരുതര പരിക്കുകളോടെ കിടപ്പിലാണ്.
വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി നിരവധി കർഷകരാണ് മറ്റൊരു സ്ഥലത്തേക്ക് പലായനം ചെയ്തത്. ആയിരക്കണക്കിന് കുടുംബങ്ങൾ സ്വയം കുടിയിറങ്ങിപ്പോയി എന്നാണു കണക്ക്. ബാക്കിയുള്ളവർ കൃഷിഭൂമി ഉപേക്ഷിച്ച അവസ്ഥയിലാണ്. മലമുകളിലെ ആളുകൾ ഒഴിഞ്ഞുപോയതോടെ ഇപ്പോൾ ടൗണുകളിലേക്ക് വന്യമൃഗങ്ങൾ എത്തിത്തുടങ്ങിയിരിക്കുകയാണ്.